Sunday, August 28, 2011

ഓര്‍മ്മക്കുറിപ്പ്



ഇമ്മു


ജുമ അത്ത് പള്ളിയുടെ തെക്കു ഭാഗത്താണ് ഇമ്മുവിന്റെ ഖബര്‍. പള്ളിയിലിരുന്നാല്‍ ആ മണ്‍കൂന കാണാം. ഖബറിന് മേല്‍ മീസാന്‍ കല്ലിന്നരികിലായി നട്ടുപിടിപ്പിക്കപ്പെട്ട കള്ളി ചെടിയുടെ നിസ്സംഗ്ഗത നിരനിരയായി പരേഡിനു നില്‍ക്കുന്ന പട്ടാളക്കാരേപ്പോലെ മീസാങ്കല്ലുകള്‍, ഒരുപാടുപേര്‍ ഒന്നിച്ചുറങ്ങുന്ന സ്ഥലത്ത് കര്‍മ്മനിരതരയി നില്‍ക്കുന്ന കാവല്‍ക്കാരേപോലെ.

പള്ളിയില്‍ ജുമുഅക്ക് പോകുന്ന വെള്ളിയാഴ്ച്ചകളില്‍ ഇമ്മുവിന്റെ ഖബറിന്നടുത്ത് പോകാറുണ്ട് ഞാന്‍. സിയാറത്ത് ചെയ്യാനാണ് പോകുന്നതെങ്കിലും ഒന്നും പ്രാര്‍ഥിക്കാറില്ല. കാണാപ്പാഠം പഠിച്ച പ്രാര്‍ഥനാശകലങ്ങള്‍ കൊണ്ട് എനിക്കവിടെ ഒന്നും ചെയ്യാനില്ല. ചിലപ്പോള്‍ മൗനമായി കുറെ നേരം നില്‍ക്കും. ഒരു പാട് ഖബറുകള്‍ക്കിടയിലുള്ള ആ നില്‍പ്പ് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുമ്പോള്‍ വേഗം മടങ്ങും. അന്നേരം മനസില്‍ ‍ഇമ്മുവിന്റെ പൊട്ടിച്ചിരി മുഴങ്ങും. ഇമ്മു എന്നാല്‍ എനിക്കെന്നും ആ പൊട്ടിച്ചിരിയുടെ കൗതുകക്കാഴ്യായിരുന്നല്ലോ.

ഇമ്മു എന്റെ പെറ്റമ്മയല്ല; പോറ്റമ്മയുമല്ല. എന്റെ ബാപ്പയുടെ ആദ്യ ഭാര്യയായിരുന്നു. രണ്ടു മക്കളുള്ള അവരെ വിവാഹ മോചനം ചെയ്താണ് ബാപ്പ എന്റെ ഉമ്മയെ കെട്ടിയത്. എങ്കിലും അവര്‍ ഏട്ടന്റെയും മൂത്തപെങ്ങളുടെയും എന്റെയും എനിക്കു താഴെയുള്ള മൂന്നു സഹോദരിമാരുടേയും കൂടി ഉമ്മയായിരുന്നു. പ്രസവിച്ച മക്കളേയും ഭര്‍ത്താവിന്റെ രണ്ടാംഭാര്യയിലുള്ള ഞങ്ങളെയും ഏറെക്കുറെ ഒന്നായിത്തന്നെ കണ്ടു. മാതൃഭാവത്തിന്റെ വാല്‍സല്യപുതപ്പുകൊണ്ട് ഞങ്ങളെ പുതപ്പിച്ചു.

എനിക്ക് ഓര്‍മ്മവച്ച കാലത്ത് ഞങ്ങളുടെ വീട്ടില്‍ നിന്നും രണ്ടുകിലോമീറ്റര്‍ അപ്പുറത്ത് തോട്ടപ്പായ എന്ന സ്ഥലത്ത് രണ്ട് ഏക്കറോളം വരുന്നപുരയിടത്തില്‍ ഒരു കൊച്ചുവീട്ടില്‍ താമസിക്കുകയായിരുന്നു അവര്‍. (ഏട്ടനും പെങ്ങളും ഞങ്ങളുടെ കൂടെയാണ് ഉണ്ടായിരുന്നത്.) മക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും അകന്ന്, ഒറ്റപ്പെട്ട് താമസിക്കേണ്ട് വന്നപ്പോള്‍ ഏകാന്തതയുടെ വിരസതയെ അകറ്റാനെന്നോണം ഇമ്മു ആടുകളേയും കോഴികളെയും വളര്‍ത്തി. അവരോട് സംസാരിച്ചു. മക്കളേപ്പോലെ സ്നേഹിച്ചു. ദേഷ്യപ്പെടുകയും ശകാരിക്കുകയും ചെയ്തു. ആ സ്നേഹത്തിനു പകരമായി ആടുകളും കോഴികളും മറ്റും നിറയെ കോലായ നിറയെ ലോഭമില്ലാതെ കാഷ്ടിച്ചു. അന്നൊക്കെ ഇമ്മുവിന്റെ വീടിന് ആടുകളുടെ മണമായിരുന്നു. ഏട്ടന്റെയോ പെങ്ങളുടേയോ അകമ്പടിയായി ഇടക്കൊക്കെ ആ വീട്ടില്‍ ചെല്ലുമ്പോള്‍ മുറുക്കാന്‍ നിറഞ്ഞ വായ്തുറന്ന് ഒരു വലിയ പൊട്ടിച്ചിരിയോടെ അവര്‍ ‍ഞങ്ങളെ സ്വീകരിക്കും. പിന്നെ സല്‍ക്കാരങ്ങളുടെയും തൊടുതലോടലുകളുടേയും ഒരു പ്രളയമാണ്.

ഇത്തിരി മുതിര്‍ന്നപ്പോള്‍ ഞാനാ വീട്ടിലെ നിത്യസന്ദര്‍ശകനായി മാറി. പെങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടിലും ഏട്ടന്‍ ഗള്‍‍ഫിലുമായപ്പോള്‍ ഇമ്മുവിനു ശരിക്കും ഞാന്‍ മകനായി. തോട്ടപ്പായയിലെ ഹൈസ്കൂളിലാണ് പഠിച്ചിരുന്നത്. എന്നതുകൊണ്ട് ഉച്ചഭക്ഷണം എനിക്കെന്നും അവിടെയാണ്. എനിക്കായി ഏതുനേരവും ഒരു പാത്രം ചോറും കറികളും അവര്‍ കരുതി വച്ചു. പഠിത്തം കഴിഞ്ഞ് അദ്ധ്യാപകനായി ജോലി കിട്ടിയ കാലം വരെ ആ ഭക്ഷണമെനിക്കായി കാത്തിരുന്നു. പൊരിയുന്ന രുചിയായിരുന്നു കറികള്‍ക്ക്. ഉണക്കമാന്തള്‍ മഞ്ഞളും മുളകുമരച്ച് വറുക്കുന്ന കറിയുടെ സ്വാദ് ഇന്നും നാക്കിലുറവ പൊടിയിച്ചുകൊണ്ട് ഓര്‍മ്മയിലുണ്ട്. കാന്താരി മുളകിന്റെ നാക്കില്‍ നിന്നും ആമാശയത്തിലൂടെ വന്‍ കടലോളം എരിഞ്ഞു കയറുന്ന ഉതസവത്തിമിര്‍പ്പായിരുന്നു കറികളുടെ മറ്റൊരു സവിശേഷത. ഭക്ഷണം കഴിച്ചു കഴിഞ്ഞ് കണ്ണ് നിറഞ്ഞും മൂക്കുപിഴിഞ്ഞും നാക്കുനീട്ടിയും എണീക്കുമ്പോള്‍ ഇമ്മു അതു കണ്ട് ഉറക്കെ പൊട്ടിച്ചിരിക്കന്‍ തുടങ്ങും. പിന്നെ ',ഓ, ന്റെ ചെറക്ക' എന്ന് കളിയാക്കി വിളിക്കും. പിന്നെ സമൃദ്ധമായി ആട്ടിന്‍ പാലൊഴിച്ച ചായയും പൈനാപ്പിളും മാമ്പഴവും ഒക്കെ കൊണ്ട് വന്ന് തീറ്റിക്കും . അപ്പോഴൊക്കെ ഇമ്മു ചറുപിറാന്ന് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കും. ഇടക്ക് വെറ്റിലയില്‍ നൂറു തേച്ച്, അടയ്ക്കാകഷണങ്ങള്‍ അതിലിട്ട് പൊതിഞ്ഞ് അണപ്പല്ലുകള്‍ക്കിടയില്‍ തിരുകി ആസ്വദിച്ച് മുറുക്കും . മുറുക്കന്‍ വായിലില്ലാതെ ഞാനന്ന് ഇമ്മുവിനെ കണ്ടിട്ടേയില്ല. ചെറിയൊരു മുറുക്കാന്‍ വട്ടിയുണ്ടായിരുന്നു അവിടെ. അതിന്റെ പങ്കുപറ്റാന്‍ അയല്‍ വശത്തെ സമപ്രായക്കാരായ ഏതെങ്കിലും സ്ത്രീകള്‍ എപ്പോഴും ഇമ്മുവിന്റെ വീട്ടില്‍ ഉണ്ടാകും. നാട്ടുകഥകള്‍ പറയാനും ഓര്‍മ്മകളിലേക്ക് മുങ്ങാംകുഴിയിടാനും ലൊട്ടു ലൊടുക്ക് തമാശകള്‍ പറഞ്ഞ് ഉറക്കെ ചിരിക്കനും ഇമ്മുവിന് അവര്‍ വേണം. എല്ലാവരും 'ഇമ്മു' എന്നുതന്നെയാണ് വിളിച്ചിരുന്നത്. അതില്‍ വലിപ്പ ചെറുപ്പമൊന്നുമുണ്ടായിരുന്നില്ല. കുട്ടികള്‍ പോലും ഇമ്മുനിന്റെ സ്വന്തം മക്കളും ഉമ്മ എന്നതിനു പകരം ഇമ്മു എന്നു തന്നെ വിളിച്ചു.

എന്റെ കൗമാര വിഹ്വലതകള്‍ക്കിടയില്‍ എനിക്ക് സ്നേഹത്തണലായി നിന്ന തുരുത്തായിരുന്നു ഇമ്മു. ഒരു പാട് സ്നേഹരാഹിത്യത്തിന്റെ സംഘര്‍ഷങ്ങള്‍ സ്വന്തം വീട്ടില്‍ അനുഭവിച്ചു പോന്നതിനാല്‍ ഗതിമുട്ടുമ്പോഴെല്ലം ഞാന്‍ ഇമ്മുവിനടുത്തേക്കു നടന്നു. സംഘര്‍ഷങ്ങളെ അവരുടെ മുന്‍പില്‍ കെട്ടെഴിച്ചു. ഒരു നല്ല വാക്കുകൊണ്ട് ഒരു സ്വാന്തനസ്പര്‍ശം കൊണ്ട് ഇമ്മു എന്റെ മനസിനെ കഴുകിതരും. കാറും കോളുമായിപ്പോയ ഞാന്‍ പെയ്തൊഴിഞ്ഞ ആകാശത്തിന്റെ ശാന്തതയായി തിരിച്ചു വരും.

ഏട്ടന്‍ ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടില്‍ വന്ന് താമസിക്കന്‍ തീരുമാനിച്ചപ്പോള്‍ ഇമ്മുവിന്റെ പുരയിടത്തിലാണ് സ്ഥിരമായി പാര്‍ക്കന്‍ പോകുക എന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. പക്ഷെ ഞങ്ങളെയൊക്കെ ഏറെ ആഹ്ലാദിപ്പിച്ചുകൊണ്ട് അവന്‍ ഞങ്ങളുടെയൊക്കെ തറവാട്ടുവളപ്പില്‍ തന്നെ വീടു വച്ചു. ഇമ്മുവിന്റെ പുരയിടവും വളപ്പും വിറ്റ് അവരെ ഇങ്ങോട് കൊണ്ട് വന്ന് കൂടെ താമസിപ്പിച്ചു. ഞങ്ങള്‍ ഒരേ പുരയിടത്തില്‍ രണ്ട് വീടുവച്ച് ഏക കുടുംബം പോലെ കഴിഞ്ഞു. ( ഇന്നും അങ്ങനെ തന്നെ കഴിയുന്നു.) പക്ഷെ കഷ്ടപ്പാടുകളുടെ കാലം കഴിഞ്ഞ് സുഖത്തിന്റെയും തൃപ്തിയുടേയുമൊരു കാലം വന്നപ്പോള്‍ ഇമ്മുവിനോട് വിധി പുറം തിരിഞ്ഞു കാണിച്ചു തുടങ്ങി. പൊതുവേ രോഗങ്ങളെ കൂസാത്ത അവരുടെ ശരീരത്തിലേക്ക് അത് ഒളിഞ്ഞും തെളിഞ്ഞും നടന്നു കയറി. അനാവശ്യമായ ആധികളിലൂടെയായിരുന്നു തുടക്കം. ആധി ക്രമേണ വ്യാധികളായി പരിണമിക്കാന്‍ തുടങ്ങി. ഇമ്മുവിന്റെ മുറിയും ശരീരവും ആശുപത്രികളുടേയും മരുന്നുകളുടേയും മണത്തിലേക്ക് പരിവര്‍ത്തനം ചെയ്തു തുടങ്ങിയപ്പോള്‍ ഞാന്‍ വേദനയോടെ അറിഞ്ഞ നഷ്ടം നിഷ്കളങ്കമായപൊട്ടിച്ചിരിയുടേതായിരുന്നു. മൗനത്തിന്റെ വല്‍മീകം തീര്‍ത്ത് അതിനുള്ളില്‍ ‍സമാധിയിരിക്കും അവള്‍. നല്ല പഴക്കമുണ്ടായിരുന്ന മെലിഞ്ഞ ശരീരം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗത്തിന്റെ പ്രതികരണമെന്നോണം തടിച്ചു പുളച്ചു. കൈകാലുകള്‍ നീരുവന്നു ചീര്‍ത്തു. കിടക്കയുടെ നിതാന്തസൗഹൃദത്തിലേക്കുള്ള വഴി നടത്തമായി മാറി അത്. വര്‍ഷങ്ങളോളം ആ കിടപ്പു കിടന്നു. എന്റെയും ഏട്ടന്റെയും ഭാര്യമാരും എന്റെ ഉമ്മയും പെങ്ങന്മാരുമൊക്കെ മാറി മാറി അവരെ പരിചരിച്ചു. സമയം കിട്ടുമ്പോഴൊക്കെ എന്റെ ഉമ്മ ഇമ്മുവിനടുത്തു പോയി ഇരിക്കും. സപത്നിമാര്‍ എന്ന വികര്‍ഷണത്തിനു പകരം സഹോദരിമാര്‍ എന്ന ആകര്‍ഷണത്തിലേക്ക് അവര്‍ പരുവപ്പെടുന്നത് എന്നെ കൗതുകപ്പെടുത്തിയിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയാല്‍ ഞാന്‍ ഇമ്മുവിനടുത്തു ചിലവഴിക്കും. അവരെ പഴയ ഇമ്മുവായി കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അവരുടെ പഴയ ഓര്‍മ്മകളുടെ ഭാണ്ഡക്കെട്ടുകള്‍ മനപൂര്‍വ്വം തുറപ്പിച്ച് അനുഭവങ്ങള്‍ പറയിപ്പിക്കാനും എന്റെ വളിപ്പന്‍ തമാശകള്‍ കേട്ട് ചിരിപ്പിക്കാനും ശ്രമിച്ച് ഞാനവരുടെ ഭൂതകാലത്തെ ആവാഹിക്കാന്‍ വിഫലശ്രമം നടത്തികൊണ്ടിരുന്നു. മൂത്ത പെങ്ങള്‍ ഇടക്ക് ഫോണ്‍ വിളിച്ച് പറയും.' നീ എന്നും ഇമ്മിന്റെ അടുത്ത് ചെല്ലണം. നീ വന്നു പോയാല്‍ അന്ന് കുറെയേറെ ആശ്വാസം തോന്നുമെന്ന് ഇമ്മു പറയാറുണ്ട്.' പക്ഷെ ആരും ആശ്വസിപ്പിക്കേണ്ടാത്ത ഒരു ലോകത്തേക്ക് ഒരു നാള്‍ പൊടുന്നെനെ ഇമ്മു യാത്രയായി.

ഇപ്പോള്‍ ഏട്ടന്റെ വീട്ടിലേക്ക് കടന്നു ചെല്ലുമ്പോഴൊക്കെ ഇമ്മു കിടന്നിരുന്ന മുറി എനിക്ക് സങ്കടമുറിയാകുന്നു. അതിനുള്ളിലെ ഘനീഭവിച്ച മൗനം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. ആ പഴയ പൊട്ടിച്ചിരി കേള്‍ക്കാനായി ഞാന്‍ വിഫലമായി കാതോര്‍ക്കുന്നു.

ഓര്‍മക്കുറിപ്പ്‌



ജിവിതമെഴുത്ത്






Monday, August 22, 2011

കഥ

മച്ചിപ്ളാവ്


ആ വളപ്പില് ആകെ ഒരു പ്ളാവുമാത്രമേ ഉണ്ടായിരുന്നുളളൂ. പണ്ടേതോ മുത്തശ്ശന് നട്ടുപിടിപ്പിച്ച് അരുമയോടെ പോറ്റിവളറ്ത്തിയതായിരുന്നു അതിനെ . ഇന്നത് പടറ്ന്നുപന്തലിച്ചു വളപ്പുമുഴുവന് നിറഞ്ഞുനില്ക്കുകയാണ്. പക്ഷേ ഇന്നുവരെ അതിലൊരു ചക്കയും കായ്ച്ചില്ല. വീട്ടുകാറ് അതിനെ മച്ചിപ്ളാവ് എന്നു വിളിച്ച് അധിക്ഷേപിക്കുമായിരുന്നു. അതിന്റെ തണലില് കളിച്ചുകൊണ്ടിരിക്കേത്തന്നെ കുട്ടികള് അതിനു നേരെ വെറുതെ കല്ലെറിയുമായിരുന്നു.
തനിക്കെതിരെയുളള ഭത്സനങ്ങളും ശാപവചനങ്ങളും പ്ളാവിനെ ഒരുപാട് ദു:ഖിപ്പിച്ചു. എന്നെന്കിലുമൊരിക്കല് തന്നിലും ഉണ്ണികള് പിറക്കുമെന്നും വീട്ടുകാറ് തന്നെ ചക്കരപ്ളാവ് എന്നു വിളിക്കാമെന്നും അത് വിശ്വസിച്ചു.
പിന്നെ, ഒരു തണുത്ത പ്രഭാതത്തില് അതും സംഭവിച്ചു.
പ്ളാവിന്റെ താഴെ തടിയില് വേരിനോട് ചേറ്ന്ന് ഒരു പൊടിപ്പ്!
പുറത്തേക്കു തല നീട്ടാനായുന്ന ഒരു കുഞ്ഞുതലയുടെ പുളപ്പ്!
ആ വീട്ടിലെ മൂത്തമകന് സ്വന്തം വീടുവെച്ച് മാറിത്താമസിക്കാന് തീരുമാനിച്ച സമയമായിരുന്നു. പുതിയ വീട്ടിലെ ഫറ്ണീച്ചറുകളെല്ലാം പ്ളാവിന് തടിയില് ത്തന്നെ വേണമെന്ന് അയാള്ക്കു നിറ്ബന്ധം.
മാതൃത്വത്തിന്റെ സാഫല്യത്തില് പുളകിതയായി നില്ക്കുകയായിരുന്നു പ്ളാവ്.അപ്പോഴാണ് ഒരാള് കോടാലിയുമായി വന്നത്.
ആദ്യത്തെ വെട്ട് ആ പൊടിപ്പിനുമേലെത്തന്നെയായിരുന്നു.
(അലറിക്കരഞ്ഞുകൊണ്ടും ശാപവചനങ്ങളുരുവിട്ടുകൊണ്ടും അവള് നിലംപതിച്ച് ഭൂമിയെ പുണരുന്ന ശബ്ദമാണ് സുഹൃത്തെ താന്കളിപ്പോള് കേട്ടത്. യുഗങ്ങളുടെ തപസ്സുകൊണ്ട് അവള് നേടിയെടുത്ത പുണ്യത്തെ ഒരൊറ്റ മഴു വീശലിലി നശിപ്പിച്ചുകളഞ്ഞ താന്കളുടെ സ്വാറ്ഥതക്ക്നേരെ അവള് വലിച്ചെറിഞ്ഞ ശാപവചനങ്ങളുണ്ടല്ലോ. അതിന്റെ തീച്ചൂടില് നിന്ന് പിന് തലമുറയെ രക്ഷിക്കാന് എന്തു പ്രായശ്ചിത്തമാണ് ഇനി താന്കള്ക്കു ചെയ്യാനാവുക?)



മക്കള് മാഹാത്മ്യം
ഞങ്ങളുടെ വീട്ടിലെ നെല്ലുകുത്തുകാരിയായിരുന്നു ആമിനത്താത്ത.
തളറ്വാതം പിടിപെട്ടുകിടന്ന ഭറ്ത്താവിനെ മരിക്കുന്നതുവരെ അവറ് നോക്കിയതുമ അരഡസന് മക്കളെ വളറ്ത്തി വലുതാക്കിയതും പകലന്തിയോളം നെല്ലുകുത്തിയായിരുന്നു.
ഉരലിലിട്ട നെല്ലില് രണ്ടുകൈകൊണ്ടും മാറി മാറി ഉലയ്ക്ക വീഴ്ത്തുന്പോള് ശൂ....ശൂ...എന്നൊരു ശബ്ദമുണ്ട്ക്കുമായിരുന്നു അവറ്.അയഞ്ഞ പെണ്കുപ്പായം വിയറ്പ്പില് നനഞ്ഞ് ദേഹത്തോടൊട്ടിപ്പിടിക്കും. എന്റെ ബാല്യകാല ഓറ്മ്മകളില് നിന്നു വടിച്ചു നീക്കാന് പറ്റാത്ത ഒന്നായിരുന്നു ആരൂപം.
വീട്ടില് ബാക്കിവരുന്ന ഭക്ഷണസാധനങ്ങള് മക്കള്ക്കു കൊടുക്കാനായി കെട്ടിപ്പൊതിഞ്ഞു കൊണ്ടു പോകും.
പിന്നീട് ഞങ്ങളുടെ ഗ്രാമത്തില് നെല്ലുകുത്തുമില്ല് വന്നു.
അപ്പോഴേക്കും ആമിനത്താത്തയുടെ മക്കളൊക്കെ പറക്കമുറ്റിയിരുന്നു. വിദേശത്തുപോയി ബ്രൂട്ട് സ്പ്രേയുടെ ഗന്ധവും റോത്ത്മാന്സ് സിഗരറ്റിന്റെ പുകയും പ്രസരിപ്പിച്ചുകൊണ്ട് തിരിച്ചുവന്നു തുടങ്ങിയിരുന്നു.
വലിയ വീടും മാരുതിക്കീറും സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം മൂത്തമകന് ആമിനത്താത്തയെ വീട്ടില് നിന്നും ഇറക്കിവിട്ടു എന്നറിഞ്ഞു.
ടൈല്സ് ഇട്ട വീട്ടിമകത്തേക്കു തളള ചെരുപ്പൂരാതെ കയറി എന്നതായിരുന്നത്രെ കുറ്റം!

Sunday, August 21, 2011

കവിത


സൈബറ് നിലാവും ചില്ലുമേടകളും
റഹ്‌മാന്‍ കിടങ്ങയം

ചങ്ങാതീ,
നിലാവിനെക്കുറിച്ചെഴുതുന്നത് പാപമാണത്രെ!
(ഒരു നിരൂപകന്റെ വിമറ്ശനമാണ്)
സൈബറ് നിലാവുകളുടെ കാലമാണല്ലോ
സഹിക്കുകയേ നിവൃത്തിയുളളൂ
കഴുത്തുവരെ പണയപ്പെടുത്തിയ നാട്ടിലല്ലേ വാസം
കടം പെരുകിയ, മോന്തായം തേഞ്ഞ വീട്ടിലല്ലേ ഉറക്കം.
ബ്ളോക്കു വീണ ഹൃദയവാല്വും കൊണ്ടല്ലേ നടത്തം .
എന്തു സുരക്ഷിതത്വമാണ് ചങ്ങാതീ ഈജീവിതത്തിന് ?
ഒരു നിലാവുപോലും ഉദിക്കുന്നത് സ്വപ്നം കാണാന് കഴിയാത്ത,
ആരുടെയൊക്കെയോ ആജ്ഞയ്ക്കനുസരിച്ച് കുരങ്ങു ചാടിക്കളിക്കുന്ന
ചാക്രികമായ ഒരു തരിശു ജീവിതം!

ചങ്ങാതീ,
കരഞ്ഞു കണ്ണീരു വറ്റിയവരാണ്
കാരിരുന്പിന്റെ കൈക്കരുത്തുമായി
പ്രതിരോധത്തിനു മുന്നോട്ടിറങ്ങുന്നത്
എന്നു മറക്കാതിരിക്കുക.
കണ്ണീറ് കുഴച്ച പ്രതിഷേധത്തിന്
തീച്ചൂടും കാന്താരിയെരിവുണ്ടാകും
അതുകൊണ്ട്,
ചില്ലുമേടകളിലിരുന്ന് ആലസ്യം വില്ക്കുന്ന
അധികാര സ്ഥാനങ്ങളോട്
കരുതിയിരിക്കാന് പറയുക.
പ്രത്യയ ശാസ്ത്രങ്ങളുടെ ആസിഡ് മഴ പെയ്താല്
ചില്ലുകളും ദ്രവമാകും.

Tuesday, August 16, 2011

ജനശക്തി വാരിക

ഗ്രാമപ്രകൃതിയില്‍ പൂത്ത കഥകള്‍


പി എം ദിവാകരന്‍


നാഗരികതയുടെ കടന്നുകയറ്റത്തില്‍ നഷ്‌ടമായിക്കൊണ്ടിരിക്കുന്നത്‌ നമ്മുടെ ഗ്രാമപ്രകൃതിയാണ്‌; അതു ബലംകൊടുത്ത സംസ്‌കാരവും മൂല്യങ്ങളുമാണ്‌. മൂല്യങ്ങളെയും സംസ്‌കാരത്തെയും ഗ്രാമപ്രകൃതിയെയും കാണെക്കാണെ ഇല്ലാതാക്കുന്നതാണ്‌ പുതിയ വ്യവസ്ഥ. ഇതിന്റെ സ്വാധീനം വര്‍ത്തമാനസാഹിത്യത്തിലും പ്രകടമാണ്‌. നഗരവത്‌കൃത സ്വഭാവത്തെ പിന്‍പറ്റിയേ എഴുത്തുകാരന്‌ ഗ്രാമത്തെ സ്വാംശീകരിക്കാനാവുന്നുള്ളൂ.
ഏതു ഇരുട്ടിലും വെളിച്ചത്തിന്റെ നേരിയ തന്തുക്കള്‍ ഉണ്ടാവുമെന്ന നിരീക്ഷണത്തെ സാധൂകരിക്കുമാറ്‌ അധിനിവേശവും നശീകരണവും പരിക്കേല്‌പിക്കുമ്പോഴും ചിലതു ഇന്നും ഗ്രാമങ്ങളില്‍ ബാക്കിനില്‌ക്കുന്നു. രചനകള്‍ക്കുള്ള ഊര്‍ജ്ജമായി അവയെ ഉപയോഗപ്പെടുത്തുകവഴി എഴുത്തുകാരന്‍ പിന്‍തള്ളപ്പെടുകയല്ല; തിരിച്ചുപിടിക്കലുകളുടെ സമരതന്ത്രമായി എഴുത്തിനെ വികസിപ്പിക്കുകയാണ്‌. റഹ്‌മാന്‍ കിടങ്ങയത്തിന്റെ `ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌' എന്ന കഥാസമാഹാരത്തിലെ രചനകള്‍ ഈ അര്‍ത്ഥത്തില്‍, ഇല്ലാതായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഗ്രാമീണജീവിതത്തെ ഉള്‍നാടന്‍ പ്രകൃതിയെയും തിരിച്ചുപിടിക്കാന്‍ ഉത്സാഹിക്കുന്നതിന്റെ പ്രതിരോധപ്രവര്‍ത്തനമായി നിരീക്ഷിക്കാം.
`ടീനേജു'കളില്‍ സ്വാഭാവികമായും ഉണ്ടാവുന്ന ജിജ്ഞാസയും അതുളവാക്കിയ പാപബോധവുമാണ്‌ `സര്‍പ്പജന്മം' എന്ന കഥയെ നിയന്ത്രിക്കുന്നത്‌. ലൈംഗികതയെക്കുറിച്ചു കേട്ടറിഞ്ഞ, അശ്ലീലമെന്നു മനസ്സില്‍ ഉറപ്പിച്ചവന്റെ മുന്നില്‍ ഒളിക്കാഴ്‌ചയായി തെളിയുന്നത്‌ ആച്ചുട്ടിയുടെയും മൂസ്സക്കോയയുടെയും രഹസ്യസമാഗമമാണ്‌. പാരമ്പര്യവിശ്വാസങ്ങളും സദാചാരമൂല്യങ്ങളും വേരുറക്കാന്‍ തുടങ്ങിയ മോനു എന്ന ഏഴാംക്ലാസ്സുകാരന്റെ മനസ്സിലുളവായ വിഭ്രാത്മക അനുഭവങ്ങളുടെ കഥാരൂപമാണ്‌ `സര്‍പ്പജന്മം'.
കഥയായും വിശ്വാസമായും മനുഷ്യമനസ്സുകളില്‍ സ്വാധീനം ചെലുത്തുന്ന ഗോത്രത്തനിമയുടെ സജീവഅടയാളങ്ങള്‍ ഗ്രാമീണജീവിതത്തില്‍ ഇന്നും ബാക്കിയുണ്ട്‌. ശാസ്‌ത്ര-സാങ്കേതിക മുന്നേറ്റങ്ങളില്‍ അവയില്‍ ചിലതിന്റെയെങ്കിലും ബലം കുറഞ്ഞിട്ടുണ്ട്‌. ഇത്തരത്തില്‍ ബലം കുറഞ്ഞ വിശ്വാസങ്ങളുടെ കൂട്ടത്തിലാണ്‌ ഒടിയന്റെ ഇന്നത്തെ സ്ഥാനം. രാത്രി വിജനസ്ഥലത്ത്‌ പ്രത്യക്ഷപ്പെട്ട്‌ പേടിപ്പിച്ചു കൊല്ലുന്ന ഒടിയന്റെ നിലനില്‌പ്‌ ഇന്നു കഥകളില്‍ മാത്രമാണെന്നും പാരമ്പര്യമായി ഒടിജീവിതം നയിച്ചുവന്ന അവന്‌ ജീവിച്ചുതീര്‍ക്കലിന്റെ മഹാഭാരമാണ്‌ ഇന്നു നേരിടേണ്ടത്‌ എന്നും അറിയുന്ന പാണന്‍ പശുവിന്റെ ജീവിതാവസ്ഥയുടെ നേര്‍ക്കാഴ്‌ചയാണ്‌ `ഒടി' എന്ന കഥ. പച്ചയായ ജീവിതസങ്കടങ്ങളെ പ്രതിരോധിക്കാനാവാതെ, പാരമ്പര്യമായി കൈവന്ന വിരുതുകളുടെ രഹസ്യങ്ങള്‍ പോലും പുതിയ കാലത്തിനു കൈമാറാന്‍ ചന്തുവിനെ പ്രലോഭിപ്പിച്ചത്‌ മറ്റുള്ളവരുടെ ജീവിതത്തില്‍ ഭയം വിതയ്‌ക്കാന്‍ ശക്തനായ ഒടിയന്‍ ഇന്ന്‌ യാഥാര്‍ത്ഥ്യമല്ല എന്ന തിരിച്ചറിവാണ്‌. തെളിവുകളില്ലാതെ ശത്രുക്കളെ ഇല്ലാതാക്കാന്‍ ഒടിപ്രയോഗം പരീക്ഷിച്ചുനോക്കാന്‍ വന്നവരുടെ പ്രലോഭനം ഒടിവിദ്യയുടെ പുതിയ പ്രയോഗസാദ്ധ്യതകളുടെ പ്രതീക്ഷകളായി, പ്രതിഫലത്തെക്കുറിച്ചു പേര്‍ത്തും പേര്‍ത്തും വിലപേശാന്‍ ഒടിയനെ പ്രാപ്‌തനാക്കുന്നു. ``നിങ്ങള്‍ക്കു ചിരിവരുന്നുണ്ട്‌, അല്ലേ?'' എന്ന കഥാന്ത്യത്തിലെ ചോദ്യം അതുകൊണ്ടുതന്നെ, കേവലമൊരു ചോദ്യമാവാതെ, നവോത്ഥാനപ്രസ്ഥാനം പ്രകാശം പരത്തിയ ഇടങ്ങളിലൊക്കെ കിളുര്‍ക്കാന്‍ തുടങ്ങിയ ഇരുട്ടിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
മനുഷ്യനിലെ ലൈംഗികചോദന വ്യവസ്ഥാപിതമായ ജീവിതത്തിലൂടെ സംതൃപ്‌തിപ്പെടുത്താവുന്നതല്ല. കുടുംബവ്യവസ്ഥയുടെ മതില്‍ക്കെട്ടുകള്‍ ഭേദിക്കാന്‍ പോലും ശക്തമാണ്‌ അതിന്റെ സമ്മര്‍ദ്ദം. കുഞ്ഞനന്തന്‍ എന്ന മെഡിക്കല്‍ റപ്രസന്റേറ്റീവിന്റെ ജീവിതത്തെ നിരീക്ഷിച്ചുകൊണ്ടിരുന്ന രണ്ടു പല്ലികളിലൂടെ പകര്‍ത്തിവെച്ച ചിന്തയാണ്‌ `ചുണങ്ങ്‌' എന്ന കഥ.
`മാഗിയാന്റി' എന്ന കഥയില്‍, ഡിക്രൂസങ്കിളിന്റെ മുമ്പില്‍ ഒരു പാവയെപ്പോലെയാണ്‌ മാഗിയാന്റിയുടെ ജീവിതം എന്ന ബാല്യകാലനിരീക്ഷണമാണ്‌, പില്‌ക്കാലത്ത്‌ മാഗിയാന്റിയെക്കുറിച്ച്‌ ഓര്‍ക്കുമ്പോഴൊക്കെ ഒരു പാവക്കുട്ടി, ഫ്രെഡ്ഡിയുടെ മനസ്സില്‍ വന്നുവീഴാന്‍ കാരണം. ഇങ്ങനെ മനസ്സില്‍ വന്നുവീഴുന്ന പാവക്കുട്ടി എന്ന ചിഹ്നത്തിലൂടെയാണ്‌ കഥയിലേക്ക്‌ കഥാകാരന്‍ കടക്കുന്നത്‌. നൊസ്റ്റാള്‍ജിയയുടെ ഉള്‍വിളികേട്ട്‌ ഡിക്രൂസങ്കിളിനെയും മാഗിയാന്റിയെയും വര്‍ഷങ്ങള്‍ക്കുശേഷം സന്ദര്‍ശിക്കാനെത്തിയ ഫ്രെഡ്ഡിക്കനുഭവപ്പെട്ട മതിഭ്രമത്തിന്റെ അനുഭവകഥനമാണ്‌ `മാഗിയാന്റി' എന്ന കഥ.
വളരെ അസാധാരണമായൊരു വിഷയത്തെ ആഖ്യാനത്തനിമകൊണ്ട്‌ വായനാക്ഷമമാക്കിയതാണ്‌ `ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌' എന്ന കഥ. ചെയ്‌തുകൂട്ടിയ പ്രവൃത്തികളിലെ തിന്മയായ ഇരുട്ടിന്‌ സ്ഥാനം പുറത്തുതന്നെ. എലിസബത്തിന്റെ മനസ്സില്‍ സ്ഥിരവാസമുറപ്പിക്കേണ്ടത്‌ ഇരുട്ടിന്‌ നിലനില്‌പിന്റെ പ്രശ്‌നമാണ്‌. ചെയ്‌തപ്രവൃത്തികളിലെ ഇരുണ്ടവശം വീണ്ടും വീണ്ടും എലിസബത്തിനെ ഓര്‍മ്മിപ്പിച്ച്‌ അതിനുള്ള കളമൊരുക്കുകയാണ്‌ ഇരുട്ട്‌. മനസ്സില്‍ ബാക്കിനിന്ന വെളിച്ചമായി നിലകൊണ്ട മകനെക്കുറിച്ചുള്ള വിചാരങ്ങള്‍ക്കു വിരാമമിട്ടപോലെ, അവന്റെ ഫോട്ടോ ശ്രദ്ധാപൂര്‍വ്വം തിരികെവെച്ച്‌ അലമാരപൂട്ടി ലൈറ്റ്‌ ഓഫ്‌ ചെയ്‌തനേരത്ത്‌, നേരമൊട്ടും കളയാതെ ഇരുട്ട്‌ എലിസബത്തിലേക്ക്‌ പൂര്‍ണ്ണമായും പടര്‍ന്നുകയറുന്നു. അധര്‍മ്മമാണ്‌ പുരാണത്തില്‍ കലിക്ക്‌ ആവേശിക്കാന്‍ ഇടം നല്‌കിയതെങ്കില്‍ സ്വന്തം ജീവിതത്തില്‍ ചെയ്‌തുകൂട്ടുന്ന അരുതായ്‌മകള്‍ എലിസബത്തിന്റെ മനസ്സിലെന്നതുപോലെ നമ്മുടെയൊക്കെ മനസ്സിലും ഇരുട്ടിനുസ്ഥിരവാസമൊരുക്കാന്‍ കാരണമാവുന്നു എന്നൊരു പാഠഭേദം കൂടി ഇക്കഥയില്‍ നിന്നു വായിച്ചെടുക്കാം.
ജാതിക്കോമരങ്ങളുടെ ഉറഞ്ഞുതുള്ളലില്‍ ഇല്ലാതായ കന്യാസ്‌ത്രീയുടെ അനുഭവം സമകാലീന സംഭവങ്ങളിലെ കറുത്ത വാര്‍ത്തകളെ ഓര്‍മ്മിപ്പിക്കുന്നു. യേശുവിനു മണവാട്ടിയാവാന്‍ വിധിക്കപ്പെട്ടവളാകട്ടെ, സഹോദരീഘാതകന്റെ തെറ്റുകള്‍ പൊറുത്ത്‌ അവനിലെ മൃഗീയതയെ ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിച്ചവളാണ്‌. മൃഗീയചോദനയുടെ, ചോര്‍ത്തിക്കളയാന്‍ ബാക്കിനിന്ന അംശംപോലെ, തന്നിലെ മൃഗമനസ്സിനെ വളരാനനുവദിച്ച ബാല്യം ചെലവഴിച്ച ചേരിപ്രദേശത്തിന്റെ ആകര്‍ഷണം, സ്വതന്ത്രമാക്കപ്പെട്ടു പുറത്തിറങ്ങിയപ്പോഴും, അവനെ അവിടം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നു. മനഃപരിവര്‍ത്തനം സംഭവിച്ചു എന്നു കരുതപ്പെടുന്ന സുന്ദര്‍സിംഗ്‌ എന്തിനാവാം ഇങ്ങനെയൊരു ആഗ്രഹനിവര്‍ത്തിക്കു വെമ്പല്‍ കാട്ടിയത്‌? കഥാകൃത്തു ബാക്കിവെച്ച എഴുതാക്കഥയാണ്‌ `അഘോരം'. കഥയുടെ അന്ത്യത്തില്‍ വായനക്കാരന്‍ സന്ദേഹിയാവുന്നു.
റുഹാനിപ്പക്ഷി നീട്ടിക്കൂവിയ ഒരു രാത്രിയിലാണ്‌, തന്നെ ഉപേക്ഷിച്ചുപോയി വീണ്ടും വിവാഹംചെയ്‌തു ജീവിച്ച ഭര്‍ത്താവിന്റെ മരണവാര്‍ത്ത `കാലന്‍കോഴിയുടെ രാത്രി' എന്ന കഥയിലെ `വേരുണങ്ങി ഇലകള്‍ കൊഴിഞ്ഞ്‌, വരണ്ട ഭൂതലത്തില്‍ നിരാലംബയായി' നില്‌ക്കുന്ന ഒരു ഒറ്റപ്പെട്ട വൃക്ഷമായ ഉമ്മ കേള്‍ക്കുന്നത്‌. തോന്നുമ്പോള്‍ വരികയും പോവുകയും ചെയ്യുന്ന ഏക ആശ്രയമായ മകന്‍ കാസിമിനെ കാത്തിരിക്കുന്ന രാത്രിയില്‍ മരണത്തെ വിളിച്ചുവരുത്തുന്നതുപോലെയുള്ള റുഹാനിപ്പക്ഷിയുടെ കൂവല്‍ വല്ലാത്തൊരശുഭലക്ഷണമായി അവര്‍ കേള്‍ക്കുന്നു. പാടവരമ്പിലൂടെ ഒരു വെളിച്ചത്തിന്റെ പൊട്ട്‌ അരിച്ചുനീങ്ങിവരുന്നത്‌ തന്റെ കാസിമായിരിക്കണേ എന്ന്‌ ഉള്ളുരുകി പ്രാര്‍ത്ഥിക്കാനേ, ജീവിതത്തില്‍ അള്ളിപ്പിടിച്ചു കിടക്കാന്‍ മോഹിക്കുന്ന ആ ഉമ്മയ്‌ക്ക്‌ ആവുന്നുള്ളൂ.
വിലക്കപ്പെട്ടതായി എന്തെങ്കിലുമൊന്ന്‌ മിക്ക ഗ്രാമങ്ങളിലും ഉണ്ടാവും. അതിക്രമിച്ചവന്‌ അനുഭവിക്കേണ്ടിവന്നതിന്റെ ദാരുണകഥയും അതിനെക്കുറിച്ചുണ്ടാവും. മുടിയഴിച്ചിട്ട്‌ വശീകരിച്ചു ഓരോ ചെത്തുകാരനെയും തന്നിലേക്കടുപ്പിക്കുന്ന പനയ്‌ക്ക്‌, ഒരു പ്രണയദുരന്തം ഏല്‌പിച്ച പ്രതികാരദാഹത്തിന്റെ സ്ഥാനമാണ്‌ `ചെത്ത്‌' എന്ന കഥയില്‍. കഥാപുരുഷനായ കുഞ്ഞപ്പയുടെ അപ്പന്റെ ജീവിതം തകിടം മറിച്ചുതകര്‍ത്തത്‌ ഉള്‍പ്പെടെ, കയറിയ ഒരാളെയും നേരെചൊവ്വേ ഇറങ്ങാന്‍ അനുവദിച്ചിട്ടില്ലാത്ത പനയുടെ പ്രതികാരം, അനുഭവകഥയായി കണ്‍മുന്നിലുണ്ട്‌. എന്നിട്ടും യക്ഷിപ്പന കയറാനും ചെത്തികള്ളെടുക്കാനും കുഞ്ഞപ്പയെ പ്രേരിപ്പിക്കുന്നത്‌ ചെത്തുകാരന്റെ ആത്മാഭിമാനത്തിനുനേരെ ഉയര്‍ന്ന വെല്ലുവിളിയാണ്‌. അഭിമാനം സംരക്ഷിക്കേണ്ടതിലെ ബാദ്ധ്യതയും വിലക്കപ്പെട്ടതിനെ ധിക്കരിക്കാന്‍ ഒരുമ്പെടുന്നതിലെ ഭയവും സംഘര്‍ഷഭരിതമാക്കിയ ഒരു രാത്രിയില്‍ കുഞ്ഞപ്പക്ക്‌ അനുഭവപ്പെട്ട വിജയത്തിന്റെ സ്വപ്‌നാനുഭവമാണ്‌ കഥ.
ഭര്‍ത്താവിനോടുള്ളഏറ്റുപറച്ചിലിന്റെ രീതിയിലാണ്‌ `വവ്വാല്‍' എന്ന കഥയുടെ രചന. ``നൊസ്റ്റാള്‍ജിയപോലും മനോരോഗങ്ങളായി മുദ്രകുത്തപ്പെടുന്ന കാലത്ത്‌ ഭര്‍ത്താവിനോടുള്ള ഏറ്റുപറച്ചില്‍ വ്യത്യസ്‌തമായ സമൂഹബോധവത്‌കരണത്തിന്റെ പങ്ക്‌ നിര്‍വ്വഹിക്കുന്നുണ്ട്‌'' എന്ന അവതാരികാകാരന്റെ കണ്ടെത്തല്‍ വായനക്കാരനും ശരിവെക്കും. വായുവില്‍ ചിറകുകള്‍ വിടര്‍ത്തി നിശ്ചലമായി ഒരു നിമിഷം നിന്നതിനുശേഷം വവ്വാല്‍ ഒരസ്‌ത്രം പോലെ പാഞ്ഞുവരികയും ആ നിമിഷം അരക്കെട്ടിലൊരു ബോംബു പൊട്ടുകയും ചെയ്‌തു എന്ന്‌, പെണ്‍ശരീരത്തില്‍ അനിവാര്യമായി സംഭവിച്ച മാറ്റത്തിനെ കഥയിലേക്ക്‌ മനോഹരമായി ഇണക്കിച്ചേര്‍ത്തിരിക്കുന്നു.
ഭര്‍ത്താവുമരിച്ചിട്ടും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സദാ അനുഭവിച്ചുകൊണ്ടിരിക്കുന്ന `വിസ്‌മയചിഹ്ന'ത്തിലെ അമ്മയുടെ സ്‌നേഹത്തിനെ `നിന്റച്ഛന്‍ ഭാഗ്യവാന്‍, മരിച്ചാലും ജീവിക്കാന്‍ അങ്ങേര്‍ക്ക്‌ ഒരു ഹൃദയമെങ്കിലും ബാക്കികിടപ്പുണ്ടല്ലോ' എന്ന്‌ പരസ്‌പരസ്‌നേഹത്തിന്റെ ദൃഢതയുള്ള ചിഹ്നമായി വിസ്‌മയത്തോടെ നോക്കിക്കാണാന്‍ സതീശനെ പ്രേരിപ്പിച്ചത്‌, തന്റെ ജീവിതത്തില്‍ ഇത്തരമൊരനുഭവത്തിനു സാദ്ധ്യതയില്ലല്ലോ എന്ന ആശങ്കയാവാം.
പാപബോധം, സദാചാരമൂല്യം തുടങ്ങിയവയൊക്കെ ഗ്രാമജീവിതത്തിന്റെ സജീവസാന്നിദ്ധ്യമായി കഥകളില്‍ ആവിഷ്‌കരിക്കപ്പെടുന്നുണ്ട്‌. വെട്ടിക്കളഞ്ഞാലും മുടി വീണ്ടും കിളുര്‍ക്കുന്ന തലപോലെയാണ്‌ കാടുവെട്ടിത്തെളിയിച്ചു മൊട്ടയാക്കപ്പെട്ട നെല്ലിക്കുന്നിന്റെ പ്രകൃതവും. ഇങ്ങനെ മനുഷ്യനും പ്രകൃതിയും പരസ്‌പരപൂരകമാവുന്നതിന്റെ തെളിമയുള്ള ഉദാഹരണങ്ങള്‍ ഈ സമാഹാരത്തില്‍ നിരവധിയാണ്‌. അതിസുന്ദരമായ ഉള്‍നാടന്‍ പ്രകൃതിയുടെ ചിത്രങ്ങള്‍ കഥകളില്‍ പടര്‍ന്നുകിടക്കുന്നത്‌ ചിത്രകലയോടുള്ള കഥാകാരന്റെ കൂടിയ അഭിനിവേശം മൂലമാവാം. ഗ്രാമപ്രകൃതി പശ്ചാത്തലമെന്നതിലുപരി പലപ്പോഴും പ്രതിബിംബങ്ങളോ മാനുഷികപരിവേഷമുള്ള കഥാപാത്രങ്ങളോ ആവുന്നുമുണ്ട്‌.
പ്രകൃതിയുമായുള്ള ഇണക്കത്തിന്റെ സൗന്ദര്യം അനുഭവപ്പെടുമ്പോഴും അമിതമായ വാചാലത ഇക്കഥകളുടെ പാരായണക്ഷമതയ്‌ക്ക്‌ തടസ്സമാവുന്നുണ്ട്‌. ഏതു രചനയും ഒളിച്ചുവെക്കുന്ന ഒരു രഹസ്യമാണ്‌ കഥയുടെ മര്‍മ്മം. എഴുത്തുകാരന്‍ വായനക്കാരനെ നയിക്കേണ്ടത്‌ അഥവാ വായനയെ ചെന്നെത്തിക്കേണ്ടത്‌ ആ രഹസ്യത്തിന്റെ ഉള്ളറകളിലേക്കാണ്‌. അതിനുള്ള പ്രാപ്‌തി കൈവരിക്കുക എന്നതാണ്‌ കഥയെഴുത്തില്‍ റഹ്‌മാന്‍ കിടങ്ങയം നേരിടുന്ന വെല്ലുവിളി എന്നുകൂടി ഈ സമാഹാരം ഓര്‍മ്മിപ്പിക്കുന്നു.