ശരീരമെന്ന തടവറയിൽനിന്നുള്ള ആത്മാവിന്‍റെ ആത്യന്തികമായ മോചനമത്രെ
മരണം. സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. ഈ സ്വാതന്ത്ര്യ വാഞ്ച
ഏറിയും കുറഞ്ഞും എല്ലാവരിലും ഉണ്ട്, കാരണങ്ങൾ പലതാണ് എങ്കിലും.മനുഷ്യ മസ്തിഷ്ക്കത്തിലുണ്ടാവുന്ന ചില ‘കെമിക്കൽ ഇംബാലന്‍സ്’ ഈ സ്വാതന്ത്ര്യ വാഞ്ചയ്ക്ക് ആക്കം
കൂട്ടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന പഠനത്തിൽ നിന്നാണ് 'സൂയിസൈഡ് മാനിയ' എന്ന കഥ വളരുന്നത്. ഗവേഷണ
കുതുകിയായ ഒരു കോളേജ് പ്രൊഫസറിലൂടെയാണ് കഥ മുന്നോട്ടു പോവുന്നത്. രസം കൊല്ലിയായ ചർച്ച
ആദ്യം സംഘത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും പിന്നീട് അവർ
യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരുന്നു. ആത്മഹത്യാപ്രവണത ചില വ്യക്തികളിൽ മാത്രം
ഒതുങ്ങി നിൽക്കുന്നതല്ല എന്നും, മറിച്ച് ഒരു ദേശത്തെ മുഴുവൻ ബാധിച്ചു
കൊണ്ടിരിക്കുന്ന അവസ്ഥ കൂടിയാണ് എന്നും അവർ ഞെട്ടലോടെയാണ് കേൾക്കുന്നത്.
കഥാന്ത്യത്തിലെ' ട്വിസ്റ്റ് വായനക്കാരനെ
ഇരുത്തി ചിന്തിപ്പിക്കാൻ പോന്നതാണ്. സ്വയം തിരിച്ചറിയാൻ കഴിയാത്ത ചില 'രാസ അസന്തുലിതാവസ്ഥ’ അന്തരീക്ഷത്തില്‍
സംഭവിച്ചു
കൊണ്ടിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പു കൂടി നൽകാൻ കഥാകൃത്ത് ശ്രമിക്കുന്നുണ്ട്. ഭാവിയിൽ
ഏറെ സംവാദങ്ങൾക്ക് വഴി ഒരുക്കുന്നതിനുള്ള സാധ്യത തുറന്നു തരുന്ന സാമൂഹികപ്രസക്തിയുള്ള ഒരു
കഥകൂടിയാണ് 'സൂയിസൈഡ് മാനിയ'
'കുതിരയുടെ രൂപകം' എന്ന കഥ, ദാമ്പത്യബന്ധത്തിൽ
പ്രണയമെന്ന കാണാചരടുകളുടെ അന്വേഷണമാണ്. കുതിര
എന്ന രൂപകത്തിന് വെട്ടിപ്പിടിക്കലുകളുടേയും മനുഷ്യാസക്തിയുടേയും പ്രതീകമായുള്ള
പരമ്പരാഗത അടയാളപ്പെടുത്തലുകളെ പൊളിച്ചെഴുതി, അതിലും പ്രസക്തമായ നിർവചനം - എത്ര പിടിച്ചകറ്റിയാലും പൂർവ്വാധികം
ശക്തിയോടെ അധരബന്ധം സ്ഥാപിക്കാൻ കുതറിയോടുന്ന പ്രണയ വീറിന്‍റെ പ്രതീകം - കഥാകൃത്ത്
നൽകുന്നുണ്ട്. തകരാൻ തുടങ്ങുന്ന തന്‍റെ ദാമ്പത്യത്തെ പൂർവ്വാധികം ശക്തിയോടെ
ചേർത്തു പിടിക്കുന്ന സൈറ എന്ന കഥാപാത്രത്തിലൂടെ ഈ ആധുനിക യുഗത്തിലും വൈവാഹിക
ബന്ധത്തിന്‍റെ പരിപാവനത ചോർന്നു പോയിട്ടില്ല , പോവുകയുമില്ല എന്ന ഒരു വലിയ സന്ദേശം
കൂടി ഈ കഥ നൽകുന്നു.
സമൂഹത്തിന്‍റെ മുഖ്യധാരയിൽ
നിന്ന് നിഷ്കാസിതരാക്കപ്പെട്ട ഒരു ജനവിഭാഗത്തിന്‍റെ ആത്മരോദനമാണ് 'ഗോത്രവൈരം'. ആദിമഗോത്ര
സംസ്കൃതിയുടെ പ്രതിനിധിയായ ആളൻ ചാത്തൻ നിലനിൽപിനായി നടത്തുന്ന പൊരുതലുകളുടെ കഥ
കൂടിയാണ് ഇത്. കാട്ടിലും
നാട്ടിലും ഒരു പോലെ അവൻ വേട്ടയാടപ്പെടുന്നു. ചെറുത്തു നിൽപ്പുകൾ ഉണ്ടാവുന്നുണ്ടെങ്കിലും അന്തിമവിജയം അവനു മേൽ
ശത്രുക്കൾ തന്നെ നേടുന്നു. ആദിമ ജനതയുടെ ജീവിതത്തിലുടനീളം മുഴച്ചു നിൽക്കുന്ന
ദൈന്യത, നൊമ്പരം വായനക്കാരിലേക്കു കൂടി വ്യാപിപ്പിക്കാൻ കഥാകാരന്‍റെ കൃത്രിമത്വം ഒട്ടുമില്ലാത്ത ഭാഷാശൈലിക്ക്
കഴിഞ്ഞിട്ടുണ്ട്.
പ്രിയപ്പെട്ടവരുടെ നഷ്ടം
സൃഷ്ടിക്കുന്ന ശൂന്യത നികത്താനാവാത്തതാണ്. നഷ്ടപ്പെടുന്നത് അമ്മയാണങ്കിലോ? തളളപ്പക്ഷിയൊഴിഞ്ഞ കൂട്ടിൽ നിസ്സഹായരായി, കൊക്കുകൾ വിടർത്തി നിലവിളിക്കുന്ന കുഞ്ഞിക്കിളികൾ ഏതൊരു കഠിനമനസ്സിനേയും
അലിയിപ്പിക്കുന്നതാണ്. അത്തരമൊരു നൊമ്പരക്കാഴ്ചയാണ് 'സ്നേഹത്തിന്‍റെ
മുഖങ്ങൾ' നൽകുന്നത്.
'നിങ്ങളെ പഠിപ്പിക്കാത്ത ചരിത്രഭാഗങ്ങൾ' ഒരു പട്ടാളക്കാരന്‍റെ വീരസ്യം പറച്ചിൽ എന്നതിലുപരിയായി ചരിത്രത്തിന്‍റെ
കാണാപ്പുറങ്ങളിലേക്കുള്ള ഒരു യാത്രകൂടിയാണ്. ബ്രിട്ടീഷിന്ത്യയിൽ
ഇന്ത്യക്കാരായ പട്ടാളക്കാർ കടന്നുപോയിട്ടുള്ള
ദുരിതപർവ്വം സ്വാതന്ത്ര്യാനന്തരവും അവസാനിക്കുന്നില്ല. ചരിത്രപുസ്തകത്തിന്‍റെ താളുകളിൽ ഇടംപിടിച്ചിട്ടില്ലാത്ത സോണാൽ
ദ്വീപും, രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട ചില പിന്നാമ്പുറക്കഥകളും
ഈ രചനയെ ഏറെ ആസ്വാദ്യകരമാക്കുന്നു. ജീവിതത്തിന്‍റെ
നശ്വരതയെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് 'കോട്ട'. മനുഷ്യർ ഓരോരുത്തരും അവരവർക്കു ചുറ്റും കൽകോട്ടകൾ പണിഞ്ഞ് അതിൽ
നിന്ന് സ്വയം പുറത്തു വരാൻ കഴിയാതെ കറങ്ങുന്നു.. അതിലെ വ്യർത്ഥത തിരിച്ചറിഞ്ഞ് പുറത്തു വരേണ്ടത് അവന്‍റെ മുന്നോട്ടുള്ള
യാത്രയ്ക്ക് അത്യാവശ്യമാണ്. “കാലം അവനെ കോട്ടയാൽ സംരക്ഷിക്കുന്നില്ല, മനുഷ്യന്‍റെ ചെറിയ ജീവിതത്തിനുമേൽ വലിയ കോട്ടകൾ കൊണ്ട് ഒരു
കാര്യവുമില്ല” - എന്ന് ചന്ദ്രേട്ടൻ(കഥാകൃത്ത്) പറയുന്നിടത്താണ് ഈ കഥയുടെ ദാര്‍ശനികപ്രസക്തി..
പെണ്ണ് അടക്കി ഭരിക്കാനും, മണ്ണ് വെട്ടിപ്പിടിക്കാനുമുള്ളതിനാണ് എന്ന പുരുഷധാർഷ്ഠ്യത്തിനുമേൽ
ഏൽപ്പിക്കുന്ന കനത്ത ആഘാതമാണ് 'നീരാഴം'.
എന്ന കഥ. മാതൃത്വം, പ്രണയം എന്നീ ഉദാത്ത വികാരങ്ങൾക്കു മാത്രമേ ഭൂമിയിലും സ്ത്രീയിലും
നീരാഴങ്ങൾ സൃഷ്ടിക്കാൻ കഴിയുകയുള്ളൂ, എന്ന
തിരിച്ചറിവിൽ നിന്നാണ് കഥാനായകന്‍ കാസിമിന്‍റെ തോട്ടത്തിൽ പ്രതീക്ഷയുടെ തളിരുകൾ വിടരുന്നത്. ഈ കഥാ
കൂട്ടത്തിലെ എന്‍റെ പ്രിയപ്പെട്ട കഥ കൂടിയാണ് 'നീരാഴം’
നിർവ്വചനങ്ങൾക്കതീതവും, ആപേക്ഷികമായ അളവുകോൽ ആവശ്യമില്ലാത്തതുമായ ചില ബന്ധങ്ങൾ ഭൂമിയിലുണ്ടെന്ന
സാക്ഷ്യപ്പെടുത്തലാണ് ‘പട്ടമ്മാളുടെ വീട്’ എന്ന കഥ. പട്ടമ്മാൾ എന്ന
തമിഴ്നാട്ടുകാരിയായ മധ്യവയസ്കയും തന്‍റെ ബാപ്പയും തമ്മിലുള്ള ബന്ധത്തിന് എന്തു
പേരിടണം എന്നെറിയാതെ ഉഴലുന്ന സലീമിന് കൃത്യമായ ഒരു ഉത്തരത്തിലേക്ക് എത്തിച്ചേരാൻ
കഴിയുന്നില്ല.. ആദർശവാനായ ബാപ്പയെ ഒരു സംശയത്തിന്‍റെ നിഴലിൽ നിർത്താൻ പോലും
ബാപ്പയോടുളള സ്നേഹം അയാളെ അനുവദിക്കുന്നില്ല. എന്നു മാത്രമല്ല, അന്ത്യദിനങ്ങളിൽ ബാപ്പ പട്ടമ്മാളിനു നൽകാനായി ഏൽപ്പിച്ച പൊതി
തുറന്നു പോലും നോക്കാതെ അവരെ ഏൽപ്പിക്കുന്ന സലീം ഉത്തമനായ ഒരു മകന്‍റെ റോൾ
ഭംഗിയായി നിർവ്വഹിക്കുന്നു. പട്ടമ്മാൾ തന്‍റെ ബാപ്പയ്ക്ക് ആരായിരുന്നു? എന്ന ചോദ്യം സലീം ഉപേക്ഷിക്കുന്നുണ്ടെങ്കിലും, കഥ മുഴുവൻ വായിച്ചു തീരുമ്പോൾ
വായനക്കാരുടെ ഉള്ളിൽ ഈ ചോദ്യം ഒരു നെരിപ്പോടുപോലെ പുകയുന്നുണ്ടാവും എന്ന
കാര്യത്തിൽ സംശയമില്ല...
വ്യത്യസ്തമായ പ്രമേയങ്ങൾ, ആത്മാവിനെ തൊട്ടറിയുന്ന,.
കൃത്രിമത്വം തീരെ ഇല്ലാത്ത രചനാ രീതി, മനുഷ്യമനോനിലയുടെ വ്യത്യസ്ത തലങ്ങളെ വളരെ
ഭംഗിയായി സന്നിവേശിപ്പിക്കാനുള്ള കഴിവ്,. തഴക്കത്തോടും ഒതുക്കത്തോടും കൈകാര്യം
ചെയ്തിരിക്കുന്ന ഭാഷ, എല്ലാം കൂടി ഈ പുസ്തകത്തെ നല്ലൊരു വായാനാവിഭവമാക്കി മാറ്റുന്നു.
അതുകൊണ്ടുതന്നെ ഈ കഥാ സമാഹാരം വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിൽ ഇടം പിടിയ്ക്കുക തന്നെ ചെയ്യും
എന്ന് ഒരു എളിയ വായനക്കാരി എന്ന നിലയിൽ ഞാന്‍ പ്രതീക്ഷിക്കുന്നു.
No comments:
Post a Comment