Sunday, September 20, 2015

ലേ ഗ്രാന്‍ഡ്‌ വോയേജ്-ഹജ്ജ് യാത്രയെക്കുറിച്ച് ഒരു വിഖ്യാത ചലച്ചിത്രം




നാം ജീവിക്കുന്ന ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയമായ കലയേതെന്നു ചോദിച്ചാല്‍ അതിനുത്തരം സിനിമ എന്നാണ്. സാര്‍വലൌകികമായ ഒരു സമ്മതി അതിനുണ്ട്. ലോകവീക്ഷണങ്ങളെ മാറ്റിപ്പണിയുന്ന ഒരു കലാരൂപമാണ്‌ അത്. വൈവിധ്യമാര്‍ന്ന ആശയങ്ങളെ ഫലപ്രദമായ ആവിഷ്കാരങ്ങളാക്കി മാറ്റി ലോകമൊട്ടുക്ക് വിനിമയം ചെയ്യാന്‍ അതിനുള്ള ശേഷി മറ്റൊന്നിനുമില്ല. അതുകൊണ്ടുതന്നെ, സാങ്കേതിക മികവിന്‍റെ ഈ കലാരൂപം സംസ്കാരങ്ങളുടെ വിനിമയത്തിന് നല്‍കിയ സംഭാവന ചെറുതല്ല. ഓരോ ദേശത്തും അതതു ഭാഷയിലുള്ള മാസ്റ്റര്‍പീസുകളായി അവയില്‍ പലതും ഏറെക്കാലം ചൂടുള്ള ചര്‍ച്ചയ്ക്കു വിധേയമായിട്ടുണ്ട്. അങ്ങനെയൊരു ചലച്ചിത്രമാണ് ഫ്രഞ്ച്-മൊറോക്കന്‍ സംവിധായകനായ ഇസ്മായീല്‍ ഫാറൂക്കി അണിയിച്ചൊരുക്കിയ ‘ലേ ഗ്രാന്‍ഡ്‌ വോയേജ്’. ഒരു പിതാവിന്‍റെയും പുത്രന്‍റെയും റോഡുമാര്‍ഗമുള്ള ഹജ്ജ് യാത്രയാണ് സിനിമയുടെ വിഷയം. പിതാവിന്‍റെ റോളില്‍ മൊറോക്കന്‍ നടന്‍ മുഹമ്മദ്‌ മാജിദ്, മകന്‍റെ റോളില്‍ ഫ്രഞ്ച് നടന്‍ നിക്കോളാസ് കാര്‍ലെ എന്നിവര്‍ മത്സരിച്ചഭിനയിച്ച, ഇസ്ലാമികതീര്‍ത്ഥാടനത്തിന്‍റെ മഹത്വത്തിലേക്കു വെളിച്ചം വീശുകയും  ഇസ്ലാമിക പ്രമാണങ്ങളുടെ സാര്‍വ്വലൌകികതയെ അടയാളപ്പെടുത്തുകയും ചെയ്യുന്ന ഈ ചിത്രം ഫ്രാന്‍സില്‍ നിന്നും സൌദിഅറേബ്യയിലേക്കുള്ള 3000 കിലോമീറ്റെറിലധികം വരുന്ന ലാന്‍ഡ്‌സ്കേപ്പുകളെ, അതിന്‍റെ ഭൌമശാസ്ത്രപരമായും സാമൂഹ്യജീവിതപരമായുമുള്ള റിയാലിറ്റിയെ ഒപ്പിയെടുത്തുകൊണ്ടാണ് സഞ്ചരിക്കുന്നത്.
മഹത്തായ യാത്ര തുടങ്ങുന്നു.
ധൃതിയില്‍ സൈക്കിള്‍ ചവിട്ടി വരുന്ന ഒരു യുവാവിന്‍റെ സമീപദൃശ്യത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. അവന്‍ ധൃതിപിടിച്ചുപോവുന്നത് പഴയ വാഹനങ്ങളുടെ ഭാഗങ്ങള്‍ അലസമായി കൂട്ടിയിട്ട ഒരു ഗ്യാരേജിലേക്കാണ്. അവിടെ നിന്ന് തന്‍റെ വീട്ടിലെ കാറിനു അനുയോജ്യമായ ഒരു ഡോര്‍ അവന്‍ തിരഞ്ഞെടുക്കുന്നു. നീല നിറത്തിലുള്ള കാറിനു ഓറഞ്ചുനിറത്തിലുള്ള ഒരു ഡോര്‍ ആണ് അവനു ലഭിക്കുന്നത്. ആ കാറിലാണ് അവന്‍റെ പിതാവ് മക്കയിലേക്ക് ഹജ്ജിനു പോവുന്നത്.
യുവാവിന്‍റെ പേര് റെഡ. ഫ്രാന്‍സിലെ പുതിയ തലമുറയുടെ പ്രതീകമാണ്‌ അവന്‍. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് വിശ്വസിക്കുന്നവന്‍. അന്യമതത്തില്‍ പെട്ട ലിസ എന്ന പെണ്‍കുട്ടിയെ പ്രണയിക്കുന്നവന്‍. മദ്യവും നിശാക്ലബ്ബുകളും ശീലമായവന്‍. മതനിഷ്ഠയില്‍ വിമുഖന്‍. പക്ഷെ, പിതാവാണെങ്കിലോ? തികഞ്ഞ മതവിശ്വാസി. കര്‍മങ്ങളില്‍ നിഷ്ഠയുള്ളവന്‍. കര്‍ക്കശസ്വഭാവക്കാരന്‍. പിതാവിന്‍റെയും മകന്‍റെയും വിരുദ്ധസ്വഭാവങ്ങളും താല്പര്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൊണ്ട് കേവലമായ ഇടപെടലുകളില്‍ പോലും അവര്‍ക്ക് പരസ്പരബഹുമാനം പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കുടുംബത്തിലുള്ളത്. എന്നിട്ടും മൂത്തമകന് പകരം ഇളയവനായ റെഡയെയാണ് പിതാവ് തന്‍റെ യാത്രയ്ക്ക് കൂടെക്കൂട്ടുന്നത്. അയാള്‍ക്കാണെങ്കില്‍ അത് ഒട്ടും താല്പര്യമുള്ള കാര്യമല്ല താനും. പല ഒഴിവുകഴിവുകള്‍ കൊണ്ടും നിഷേധങ്ങള്‍ കൊണ്ടും അയാളതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കര്‍ക്കശസ്വഭാവക്കാരനായ പിതാവിനെ അയാള്‍ക്ക് അനുസരിക്കേണ്ടി വരുന്നു.
അങ്ങനെ ആ യാത്ര ആരംഭിക്കുകയാണ്.
പിതാവിനോടുള്ള പ്രതിഷേധവും കാമുകിയെ പിരിഞ്ഞതിലുള്ള നീരസവും ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നതിലുള്ള അരിശവും എല്ലാം കൂടിച്ചേര്‍ന്നതിനാലാകാം അമിതമായ സ്പീഡിലാണ് റെഡ വണ്ടിയോടിക്കുന്നത്. പിതാവ് ഇതിനെതിരെ മുന്നറിയിപ്പ് കൊടുക്കുന്നുണ്ടെങ്കിലും അവനതു കാര്യമാക്കുന്നില്ല. ദേഷ്യം വന്ന പിതാവ് ബ്രേക്കില്‍ ആഞ്ഞു ചവിട്ടുകയും വണ്ടി നടുറോട്ടില്‍ വട്ടം കറങ്ങിത്തിരിഞ്ഞു നിശ്ചലമാവുകയും ചെയ്യുന്നു. മകനും പിതാവും തമ്മിലുള്ള സംഘര്‍ഷം അവിടെ തുടങ്ങുന്നു. അത് പിന്നെ വിവിധ അവസരങ്ങളിലായി വിവിധ രൂപത്തില്‍ ആവര്‍ത്തിക്കുന്നത് കാണാം.
ഫ്രാന്‍സില്‍ നിന്നും ക്രൊയേഷ്യയില്‍ പ്രവേശിക്കുന്നയിടത്തു വെച്ച് രാത്രി കാറില്‍ ഗാഡനിദ്രയിലാവുന്ന മകന്‍റെ മൊബൈല്‍ഫോണ്‍ പിതാവ് ഒരു ചവറ്റുകൊട്ടയില്‍ തള്ളുന്നു. ഫോണിലൂടെ അവന്‍ ലിസയുമായി ബന്ധപ്പെടുന്നത് അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. തന്‍റെ ഫോണ്‍ നഷ്ടപ്പെട്ടു എന്ന് റെഡ അറിയുന്നത് പിന്നെയും ഏറെ ദൂരം പോയിക്കഴിഞ്ഞ് അടുത്ത രാത്രിയിലാണ്. അന്നേരം പിതാവിനോട് ഒരു തരം വൈരം തന്നെ അവന്‍റെ മനസ്സില്‍ ഉടലെടുക്കുന്നുണ്ട്. അതിന് ആക്കം കൂട്ടുന്ന ഒരു കാര്യം കൂടി സംഭവിക്കുന്നുണ്ട്. വഴിയോരത്തുള്ള പാര്‍ക്ക് ബെഞ്ചിലിരുന്നു പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ സുഖവാസപട്ടണമായ മിലാനില്‍ അല്‍പനേരം ചിലവഴിക്കാം എന്ന അപേക്ഷ പിതാവ് തൃണവല്‍ക്കരിച്ചപ്പോഴാണ് അത്.
ബെല്‍ഗ്രേഡ് ഭാഗത്തേക്കുള്ള യാത്രയ്ക്കിടയില്‍ അവര്‍ക്ക് വഴി തെറ്റുന്നു. തന്‍റെ കയ്യിലുള്ള ഒരു മേപ്പ് ഉപയോഗിച്ചാണ്‌ റെഡ വഴി കണ്ടുപിടിച്ചിരുന്നത്. ഇപ്പോള്‍ അവര്‍ സഞ്ചരിക്കുന്ന വഴി മാപ്പിലില്ല എന്നത് അവരെ ആകെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഏറെക്കുറെ വിജനമായ പാതയിലൂടെ ഏറെ ദൂരം യാത്ര ചെയ്തു അവസാനം സന്ധ്യയോടെ അവരൊരു വയലില്‍ ആ രാത്രി ചിലവഴിക്കുന്നു. ചുറ്റുമുള്ള കനത്ത ഇരുട്ടില്‍ ഒരു റാന്തല്‍ വിളക്കിന്‍റെ മങ്ങിയ പ്രകാശത്തിലിരുന്നു അവര്‍ ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന ഷോട്ടില്‍ അന്നത്തെ രാത്രി അവസാനിക്കുകയാണ്.
അപരിചിതയായ വൃദ്ധസ്ത്രീ
പിറ്റേന്ന് പകല്‍ യാത്ര തുടരുമ്പോഴും വഴിയെക്കുറിച്ചു അവര്‍ക്കു നല്ല തിട്ടം ലഭിക്കുന്നില്ല. ആരോടെങ്കിലും ചോദിച്ചറിയാമെന്ന ചിന്തയോടെ എതിരെ വരുന്ന നീളന്‍ കോട്ടിട്ട വൃദ്ധയോട് വഴി ചോദിക്കുന്നു. വൃദ്ധ മറുപടി പറയുന്നതിന് പകരം യാതൊരു മുന്നറിയിപ്പുമില്ലാതെ പിന്‍ ഡോര്‍ തുറന്നു കാറില്‍ കയറിയിരിക്കുകയാണ്. ഉറച്ചു കട്ടിയായ ഒരു നിസ്സംഗഭാവമാണ് വൃദ്ധയുടെ മുഖത്ത് ഉള്ളത്. എവിടേക്കാണ് പോവേണ്ടതെന്ന ചോദ്യത്തിന് മുന്നോട്ടു കൈനീട്ടി ‘ഡലീച്ചി’ എന്ന് മാത്രം പറഞ്ഞ് അവര്‍ മൌനത്തിന്‍റെ പുറന്തോടിലേക്ക് വീണ്ടും വലിയുകയാണ്. ഡലീച്ചി സമീപത്തുള്ള ഏതെങ്കിലും പട്ടണമായിരിക്കുമെന്ന സങ്കല്‍പ്പത്തില്‍ അവര്‍ യാത്ര തുടരുന്നു. ഏറെ ദൂരം യാത്ര ചെയ്തിട്ടും അങ്ങനെ ഒരു സ്ഥലം അവര്‍ക്ക് കണ്ടെത്താനാവുന്നില്ല. യാത്രയില്‍ വയ്യാവേലി പോലെ അധികപ്പറ്റായിത്തീര്‍ന്ന വൃദ്ധയെ അവര്‍ക്ക് ഒരു ഹോട്ടലില്‍ തന്ത്രപൂര്‍വ്വം ഉപേക്ഷിക്കേണ്ടിവരികയാണ്. ഇടയ്ക്ക് മറ്റൊരു സ്ഥലത്ത് പാസ്പോര്‍ട്ടും മറ്റും ചെക്കു ചെയ്യാന്‍ ട്രാഫിക്‌ പോലീസുകാരന്‍ അവരെ തടയുന്നുണ്ട്‌. ഭാഷ ആദ്യമായി വലിയ പ്രശ്നമാവുന്നത് ഇവിടെ വെച്ചാണ്‌. റെഡയ്ക്ക് ഫ്രഞ്ചും ഇംഗ്ലീഷും അറിയാം. പിതാവിനാണെങ്കില്‍ അറബി മാത്രമേ വശമുള്ളൂ.
മഞ്ഞുറഞ്ഞ ബള്‍ഗേറിയയിലൂടെ
ബോസ്നിയയും സെര്‍ബിയയും കഴിഞ്ഞു ബള്‍ഗേറിയയിലെ ഏറ്റവും തണുപ്പുകൂടിയ സോഫിയ മലയോരത്തേക്ക് പ്രവേശിക്കുന്നതോടെ ശൈത്യം അതിന്‍റെ സകല ക്രൂരതയോടെയും അവരെ കീഴടക്കുകയാണ്. കനത്ത മഞ്ഞുവീഴുന്ന രാത്രി. താമസിക്കാന്‍ ഒരു സ്ഥലം കണ്ടെത്താന്‍ കഴിയാതെ ചുറ്റുഭാഗവും ഐസ് വീണു ശുഭ്രവസ്ത്രമുടുത്തു കിടക്കുന്ന ഭൂമിയില്‍ ഒരു ചെറിയ ഷെഡ് അവര്‍ വിശ്രമകേന്ദ്രമാക്കുന്നു. അവിടെ വെച്ച് കമ്പിളി മൂടിപ്പുതച്ചിരുന്ന് കെറ്റിലില്‍ തിളപ്പിച്ചെടുത്ത കാപ്പി ഊതിക്കുടിക്കുന്നതിനിടയില്‍ റെഡ പിതാവിനോട് ‘എന്തുകൊണ്ടാണ് വിമാനമാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഒരിടത്തേക്ക് ഇങ്ങനെ കഠിനമായ ഒരു യാത്ര തിരഞ്ഞെടുത്തത്’ എന്ന് ചോദിക്കുന്നു.
പിതാവിന്‍റെ മറുപടി മനോഹരമാണ്.
“കടലിലെ ജലം വാനത്തിലേക്കുയരുമ്പോള്‍ അത് അതിന്‍റെ ഉപ്പുരുചി വെടിഞ്ഞ് പിന്നെയും ശുദ്ധമാവുന്നു. സമുദ്രജലം ബാഷ്പീകരിച്ചാണ് മേഘമുണ്ടാവുന്നത്. അങ്ങനെ ബാഷ്പീകരിക്കുമ്പോഴാണ് അതിനു ശുദ്ധി കൈവരുന്നത്. അതുകൊണ്ട് നിങ്ങള്‍ തീര്‍ത്ഥയാത്രയ്ക്ക് പോവുന്നത് കുതിരപ്പുറത്താവുന്നതിനേക്കാള്‍ ഉത്തമമായത് നടന്നുപോവുന്നതാവുന്നു. ഒരു കാറില്‍ പോവുന്നതിനെക്കാള്‍ ഉത്തമം കുതിരപ്പുറത്തു പോവുന്നതാണ്. ബോട്ടില്‍ പോവുന്നതിനെക്കാള്‍ ഉത്തമം കാറില്‍ പോവുന്നതാണ്. വിമാനത്തില്‍ പോവുന്നതിനെക്കാള്‍ ബോട്ടില്‍ പോവുന്നത് ഉത്തമമാകുന്നു”
പിന്നീട് കുട്ടിക്കാലത്ത് തന്‍റെ പിതാവ് ഒരു കോവര്‍കഴുതയുടെ പുറത്ത് യാത്ര പോയതിനെക്കുറിച്ച് അദ്ദേഹം മകന് വിവരിച്ചു കൊടുക്കുന്നു. ധീരനായ മനുഷ്യനായിരുന്നു തന്‍റെ പിതാവെന്നും അദ്ദേഹം പോയതിനു ശേഷം തിരിച്ചു വരുന്നതും കാത്ത് താന്‍ അടുത്തുള്ള കുന്നിന്മുകളില്‍ കയറിയിരുന്ന് ചക്രവാളത്തിലേക്ക് നോക്കിയിരിക്കാറുണ്ടായിരുന്നുവെന്നും രാത്രി ഇരുളുന്നതുവരെ അങ്ങനെയിരുന്നു ഉറങ്ങിപ്പോയിട്ടുണ്ടെന്നും മകന് പറഞ്ഞു കൊടുക്കുന്നു. പിതാവിന്‍റെ ഈ മനസ്സുതുറക്കല്‍ റെഡയ്ക്ക് ഇഷ്ടപ്പെട്ടു. അവന്‍റെ ഉള്ളിലുള്ള കലുഷത കുറേശ്ശെ നീങ്ങിത്തുടങ്ങുന്നു. പിതാവിനോടുള്ള ഒരു ഇഷ്ടം തന്‍റെ ഉള്ളിലുണ്ടായി വരുന്നത് അവനു ബോധ്യപ്പെടുന്നു. പിറ്റേന്ന് പ്രഭാതത്തില്‍ ഐസ് മുഴുവന്‍ ഉരുകിത്തീരാത്ത പാതയിലൂടെ വണ്ടിയോടിക്കുമ്പോള്‍ അകത്തിരുന്നു ഖുര്‍ആന്‍ ഓതുന്ന പിതാവിലേക്ക് അവന്‍ ചെവി ചേര്‍ത്തുവെക്കുന്നത് കാണാം.
അന്ന് രാത്രി വിജനമായ പ്രദേശത്ത് കാര്‍ നിര്‍ത്തി അതില്‍ തന്നെ ഉറങ്ങാന്‍ ശ്രമിക്കുന്ന അവര്‍ക്ക് തണുപ്പ് വലിയ പ്രതിസന്ധി തീര്‍ക്കുന്നു. പൂജ്യം ഡിഗ്രിക്കും താഴെയാണ് തണുപ്പെന്നും ഈ കാലാവസ്ഥയില്‍ ഉറക്കം അസാധ്യമാണെന്നും റെഡ പറയുന്നുണ്ടെങ്കിലും ഏതു വിധേനയും ഉറങ്ങാന്‍ ശ്രമിക്കാനാണ്‌ പിതാവ് നിര്‍ദേശിക്കുന്നത്. പക്ഷെ പിറ്റേന്ന് ഉണരുമ്പോള്‍ തങ്ങളൊരു പേടകത്തിലടക്കപ്പെട്ട പോലെ കാര്‍ ഐസില്‍ മൂടിക്കിടക്കുന്നതാണ് റെഡ കാണുന്നത്. പിതാവാണെങ്കില്‍ തണുപ്പില്‍ മരവിച്ചു ബോധരഹിതനായും. റെഡ ഐസ് തല്ലിപ്പൊട്ടിച്ചു പിതാവിനെ പുറത്തിറക്കി ആശുപത്രിയിലെത്തിക്കുന്നു.
തുര്‍ക്കിയില്‍ വെച്ചു പരിചയപ്പെടുന്ന മുസ്തഫ
തുര്‍ക്കിയിലേക്ക് പ്രവേശിക്കുന്ന ചെക്ക്പോസ്റ്റില്‍ യാത്രികരുടെ വാഹനം പരിശോധിക്കുന്നയിടത്താണ് ഭാഷ വീണ്ടും പ്രതിസന്ധി തീര്‍ക്കുന്നത്. പാസ്പോര്‍ട്ട് പരിശോധിക്കാന്‍ കൊണ്ടുപോയ ഉദ്യോഗസ്ഥര്‍ അത് തിരിച്ചുകൊടുക്കാത്തതിനു കാരണം ചോദിച്ചു റെഡ അവരുമായി വഴക്കിടുന്നു. പക്ഷെ, അവന്‍ പറയുന്ന ഇംഗ്ലീഷ് അവര്‍ക്കോ അവര്‍ പറയുന്ന ടര്‍ക്കിഷ് അവനോ മനസ്സിലാവുന്നില്ല. ആ സമയത്താണ് ആപല്‍ബാന്ധവനായി ഒരു മധ്യവയസ്ക്കന്‍ അവിടെ എത്തുന്നത്. രണ്ടു ഭാഷയും നന്നായി കൈകാര്യം ചെയ്യുന്ന അയാള്‍ അവര്‍ക്കിടയില്‍ ദ്വിഭാഷിയായി നിന്ന്‍ പ്രശ്നം പരിഹരിക്കുന്നു. മുസ്തഫ എന്ന് പേരുള്ള ആ തുര്‍ക്കിക്കാരന്‍ പിന്നീട് അവരുടെ കാറില്‍ തന്നെ കയറി യാത്ര ചെയ്യുകയും അവരോടൊത്ത് മക്കയിലേക്ക് പോരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു കൂടെ കൂടുകയും ചെയ്യുകയാണ്. വഴിയില്‍ അയാള്‍ അവര്‍ക്ക് പലതും കാണിച്ചുകൊടുത്തു നല്ലൊരു ഗൈഡ് ആവുന്നുണ്ട്‌. പിതാവിന് അത്ര പിടിച്ചില്ലെങ്കിലും റെഡയ്ക്ക് അയാളെ നന്നായി ബോധിക്കുന്നു. അത് മനസ്സിലാക്കിയ മുസ്തഫ റെഡയോട് കൂടുതല്‍ സ്നേഹം കാണിക്കുന്നു. ഇസ്തംബൂള്‍ നഗരത്തില്‍ അവര്‍ കുറച്ചു നേരം ചിലവഴിക്കുന്നു. പള്ളികളുടെ നഗരമാണ് ഇസ്താംബൂള്‍. അവിടെയുള്ള ‘നീലപ്പള്ളി’(blue mosque)യുടെ ഒരു കാഴ്ചയനുഭവം സിനിമയിലുണ്ട്. മക്കയിലെ പള്ളി കഴിഞ്ഞാല്‍ ഏറ്റവും വലിയ പള്ളിയാണ് നീലപ്പള്ളിയെന്നും നീല ടൈല്‍സ് കൊണ്ട് അലംകൃതമായതുകൊണ്ടാണ് ആ പേര് വന്നതെന്നും മുസ്തഫ വിവരിക്കുന്നു. തുര്‍ക്കിയില്‍ ഒരു ഹോട്ടലില്‍ രാത്രി തങ്ങുന്ന സമയം മുസ്തഫ റെഡയേ പറഞ്ഞുമയക്കി മദ്യപിപ്പിക്കുകയും അന്ന് രാത്രി അവരുടെ പണമെല്ലാം മോഷ്ടിച്ചു കടന്നു കളയുകയും ചെയ്യുകയാണ്. പിതാവും പുത്രനും തമ്മിലുള്ള സംഘര്‍ഷം അതോടെ വീണ്ടും ആരംഭിക്കുകയായി.
ഇറാക്ക് മരുഭൂമിയിലൂടെ   
പിതാവ്  ബെല്‍റ്റിന്‍റെ രഹസ്യയറയിലും സോക്സിനുള്ളിലും മറ്റുമായി ഒളിപ്പിച്ചു വെച്ചിരുന്ന പണവുമായാണ്‌ അവരുടെ തുടര്‍ന്നുള്ള യാത്ര. കനത്ത വെയിലും പൊടിയുമുള്ള പാത. പച്ചപ്പിന്‍റെ സാന്നിധ്യം അപൂര്‍വ്വം. സിറിയയില്‍ നിന്നും ലെബനാനിലേക്ക്‌ പ്രവേശിക്കുന്ന വഴിയും കടന്ന് അവര്‍ ഇറാക്കിലെത്തിച്ചേരുമ്പോള്‍ വരള്‍ച്ച അതിന്‍റെ ഉച്ചകോടിയിലെത്തിയിട്ടുണ്ട്. ഇടയ്ക്ക് റേഡിയേറ്ററില്‍ വെള്ളം തീര്‍ന്നു അത് പുകയാന്‍ തുടങ്ങുമ്പോള്‍ അവര്‍ വണ്ടി നിര്‍ത്തുന്നു. ഒറ്റ പുല്‍ച്ചെടി പോലും കാണാനില്ലാത്ത, ചെറിയ കുന്നുകളും കുഴികളുമുള്ള തരിശായ നിലം. അങ്ങിങ്ങു കൂടിക്കിടക്കുന്ന കല്ലുകളുടെ കൂമ്പാരം. മുഖം മറച്ച കറുത്ത ഹിജാബ് ധാരികളായ ഗ്രാമീണ സ്ത്രീകള്‍ വെള്ളമെടുക്കാനായി മണ്ണുകൊണ്ട് തീര്‍ത്ത ഒരു വാട്ടര്‍ ടാങ്കിന്‍റെ അടുത്ത് നില്‍ക്കുന്നുണ്ട്. റെഡ അവിടെ നിന്നും വെള്ളം നിറച്ച് റേഡിയേറ്ററിലൊഴിക്കുകയും പിതാവ് വുളു എടുക്കുകയും ചെയ്യുന്നു. ആ സമയത്ത് ചെറിയ ഒരു പെണ്‍കുട്ടിയുടെ കൈപിടിച്ചുകൊണ്ട്‌ ഭര്‍ത്താവ് മരിച്ചുപോയ ഒരു സ്ത്രീ വന്നു അവരോടു ഭിക്ഷ യാചിക്കുന്നു. പിതാവ് അവള്‍ക്കു പണം കൊടുക്കുന്നതു കണ്ട് റെഡ ക്ഷുഭിതനാവുകയും അത് അവളില്‍ നിന്ന് തട്ടിപ്പറിക്കുകയും ചെയ്യുന്നു. പിതാവ് ക്ഷുഭിതനായി അവനെ അടിക്കുന്നു. ദേഷ്യവും സങ്കടവും അപമാനവും മൂലം സഹികെട്ട അവന്‍ ബാഗുമെടുത്ത്‌ താനിനി കൂടെ വരില്ലെന്നും പിതാവ് ഒറ്റയ്ക്ക് പോയാല്‍ മതിയെന്നും പറഞ്ഞുകൊണ്ട് ഒരു മൊട്ടക്കുന്നിലേക്ക് കയറിപ്പോവുകയാണ്. കുറെ സമയം കഴിഞ്ഞു പിന്നെയും അവര്‍ക്കിടയിലെ മഞ്ഞുരുകുകയും യാത്ര പുനരാരംഭിക്കുകയും ചെയ്യുന്നുണ്ട്.
സൌദിഅറേബ്യയുടെ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചതോടെ രണ്ടുപേരുടെയും മുഖത്ത് ലക്ഷ്യത്തിലെത്തിച്ചേരുന്നതിന്‍റെ ആഹ്ലാദം മൊട്ടിടുന്നു. അന്ന് വൈകുന്നേരം മരുഭൂമിയിലെ പൊടിമണലില്‍ കിടന്നുറങ്ങുന്ന റെഡ ഒരു സ്വപ്നം കാണുന്നു. വിശാലമായ മരുഭൂമിയില്‍ വെറും മണ്ണില്‍ അയാള്‍ ഉറങ്ങുകയാണ്‌. ഉണര്‍ന്നപ്പോള്‍ തികച്ചും വിജനം. ആകാശം മേഘാവൃതമാണ്. അന്നേരം ഒരു കുന്നിനപ്പുറത്തു നിന്ന് ഒരു പറ്റം ആടുകളെയും തെളിച്ചുകൊണ്ട്‌ അയാളുടെ പിതാവ് വരുന്നു. റെഡ പിതാവിനെ വിളിച്ചെങ്കിലും വിളിക്കുന്നത്‌ അദ്ദേഹം കേള്‍ക്കുന്നില്ല. അന്നേരമാണ് തന്‍റെ കാലുകള്‍ മരുഭൂമിയിലെ മണ്ണില്‍ സാവധാനം പൂഴ്ന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന്‍ അവന്‍ അറിയുന്നത്. എത്ര പരിഭ്രാന്തനായി വിളിച്ചിട്ടും കേള്‍ക്കാതെ തന്‍റെ ആടുകളെയു തെളിച്ചുകൊണ്ട്‌ പിതാവ് കുന്നിനപ്പുറത്തു മറയുന്നു. റെഡ കുറേശ്ശെയായി അരയോളം പൂഴിയില്‍ താഴ്ന്നുകഴിഞ്ഞു. അവന്‍ അലറിവിളിച്ചുകൊണ്ട് ഞെട്ടിയുണരുന്നു. അപ്പോള്‍ സായാഹ്നസൂര്യന്‍റെ പശ്ചാത്തലത്തില്‍ ഒരു മണല്‍ കുന്നിന്‍റെ മുകളിലിരുന്നു പിതാവ് നമസ്കരിച്ചു കൊണ്ടിരിക്കുന്നതാണ് അവന്‍ കാണുന്നത്.
കുറേക്കൂടി യാത്രചെയ്യുമ്പോള്‍ മറ്റു നാടുകളില്‍നിന്നുമെത്തിയ ഹജ്ജ് തീര്‍ഥാടകരെ അവര്‍ കണ്ടുമുട്ടുന്നു. പിന്നെ ഒരുമിച്ചുള്ള യാത്ര,  ഒരുമിച്ചുള്ള ഭക്ഷണം, ഒരുമിച്ചുള്ള പ്രാര്‍ത്ഥന. ദേശങ്ങളും വര്‍ണങ്ങളും ഭാഷകളും വിലങ്ങുതടിയാവാത്ത ഒരു സൗഹൃദം അവര്‍ക്കിടയില്‍ രൂപപ്പെടുന്ന മനോഹരദൃശ്യം. ഒരേ ലക്ഷ്യത്തില്‍ ഒരേ മനസ്സോടെ പോവുന്ന തീര്‍ഥാടകരുടെ നിര. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ അവര്‍ പരസ്പരം പരിചയപ്പെടുകയും സ്നേഹവും ഭക്ഷണവും പങ്കുവെക്കുകയും ചെയ്യുന്ന കാഴ്ച മനോഹരമാണ്. ഈജിപ്ത്, സിറിയ, സുഡാന്‍, ലെബനോന്‍, തുര്‍ക്കി എന്നിങ്ങനെ വിവിധ രാജ്യത്തുള്ള സ്ത്രീകളും പുരുഷന്മാരുമായ ആ സംഘത്തോട് തന്‍റെ യാത്രയെക്കുറിച്ച് പിതാവ് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ ആ ധീരതയെ സംഘം പ്രശംസിക്കുന്നുണ്ട്.
പിതാവിന്‍റെ മരണം    
സംഘത്തോടൊപ്പം ഇഹ്റാം കെട്ടി ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്ന് ഉച്ചരിച്ച് പോയ പിതാവ് സന്ധ്യയായിട്ടും മടങ്ങിവരാതായപ്പോള്‍ പരിഭ്രാന്തനായ റെഡ പിതാവിനെ പലയിടത്തും അന്വേഷിക്കുന്നു. ഹജ്ജിന്‍റെ സമയത്തെ മക്കയിലെ തിരക്കും കഅബയിലെ തവാഫുമൊക്കെ ഈ രംഗത്തു കാണാം. ലോകമുസ്ലിങ്ങളുടെ രൂപവൈവിധ്യങ്ങളുടെ കൌതുകപ്പെടുത്തുന്ന പ്രദര്‍ശനം. തെരുവ് തോറും അലഞ്ഞിട്ടും ജനക്കൂട്ടത്തില്‍ മുങ്ങാംകുഴിയിട്ടിട്ടും റെഡയ്ക്ക് തന്‍റെ പിതാവിനെ കണ്ടെത്താനാവുന്നില്ല. അവനാകെ തകര്‍ന്നുപോവുന്നു. അവസാനം ഒരു പള്ളിയില്‍ വെളുത്ത തുണിയില്‍ മൂടി കിടക്കുന്ന മയ്യത്തുകള്‍ക്കിടയില്‍ നിന്ന് പിതാവിനെ അവന്‍ കണ്ടെത്തുന്നു. മയ്യത്തിനടുത്തു ചുരുണ്ടുമടങ്ങിക്കിടന്നു അവന്‍ കരയുന്ന കരച്ചില്‍ ഹൃദയഭേദകമാണ്‌.പള്ളിയിലെ അതിനിശ്ശബ്ദതയെ പോറലേല്‍പ്പിച്ചുകൊണ്ട് അവന്‍റെ  അലറിക്കരച്ചില്‍ ഇടനാഴിയിലൂടെ അലയടിക്കുന്നു. ആ ഇടനാഴി പ്രേക്ഷകന്‍റെ ഉള്ളമാണെന്നും കരച്ചില്‍ പ്രതിഫലിക്കുന്നത് അവിടെയാണെന്നും കാഴ്ചക്കാരായ നമുക്ക് ബോധ്യപ്പെടുന്നു. ഒപ്പം പിതൃ-പുത്ര ബന്ധത്തിന്‍റെ ആഴം എല്ലാ ജനറേഷന്‍ ഗ്യാപ്പുകള്‍ക്കും അപ്പുറത്താണ് എന്ന സത്യം ബോധ്യപ്പെടുകയും ചെയ്യുന്നു. വിറയ്ക്കുന്ന കൈകൊണ്ടു  പിതാവിന്‍റെ ജനാസ കുളിപ്പിക്കുന്ന റെഡയുടെ ചിത്രം കൂടി അവസാനഭാഗത്തുണ്ട്.

യാത്രകള്‍ സിനിമകളുടെയും സാഹിത്യത്തിന്‍റെയും മേഖലകളില്‍ സാധാരണയായി വരുന്ന പ്രതിപാദ്യമാണ്. അത് കഥാപാത്രങ്ങളെയും കാഴ്ച്ചക്കാരെയും അവരുടെ ദുര്‍ബലമായ ആശങ്കകളില്‍ നിന്ന് മോചിപ്പിക്കുകയും കൂടുതല്‍ തിരിച്ചറിവും പക്വതയുമുള്ളവരായി മാറ്റുകയും ചെയ്തേക്കാം. ഹജ്ജ് യാത്ര എന്ന മഹല്‍ കര്‍മത്തിന്‍റെ പ്രാധാന്യം നന്നായി അടയാളപ്പെടുത്തിയ സിനിമയാണ് ‘ലേ ഗ്രാന്‍ഡ്‌ വോയേജ്’ മുസ്ലിം കര്‍മശാസ്ത്രത്തിന്‍റെ ഭൂമികയില്‍ നിന്നുകൊണ്ട് വിശ്വാസത്തിന്‍റെ ഉറപ്പിന് സഹനത്തിന്‍റെ പ്രാധാന്യം എത്രത്തോളമെന്നു വിശദീകരിക്കുന്ന ഈ ചിത്രം അതിനുമപ്പുറത്ത് തലമുറകളുടെ വിടവ് പുതിയ കുടുംബവ്യവസ്ഥിതിയില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയടക്കം വൈവിധ്യമാര്‍ന്ന നിരവധി വിഷയങ്ങളെ കൈകാര്യം ചെയ്യുന്നുമുണ്ട്. കാലത്തിനും ദേശത്തിനും സമൂഹത്തിനും അനുസരിച്ച് ഇസ്ലാമിക ജീവിതരീതിയിലുള്ള അന്തരങ്ങളെയും എല്ലാ വൈവിധ്യങ്ങളെയും മറികടക്കുന്ന നാനാത്വത്തിലെ എകത്വത്തെയും ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നു.

No comments:

Post a Comment