Wednesday, July 6, 2016

സുയിസൈഡ് മാനിയ (ബുക്ക്റിവ്യൂ) രഞ്ജിനി രാമു

           
ശരീരമെന്ന തടവറയിൽനിന്നുള്ള ആത്മാവിന്‍റെ ആത്യന്തികമായ മോചനമത്രെ മരണം. സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. ഈ സ്വാതന്ത്ര്യ വാഞ്ച ഏറിയും കുറഞ്ഞും എല്ലാവരിലും ഉണ്ട്, കാരണങ്ങൾ പലതാണ് എങ്കിലും.മനുഷ്യ മസ്തിഷ്ക്കത്തിലുണ്ടാവുന്ന ചില ‘കെമിക്ക ഇംബാലന്‍സ്’  ഈ സ്വാതന്ത്ര്യ വാഞ്ചയ്ക്ക് ആക്കം കൂട്ടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന പഠനത്തിൽ നിന്നാണ് 'സൂയിസൈഡ് മാനിയ' എന്ന കഥ വളരുന്നത്. ഗവേഷണ കുതുകിയായ ഒരു കോളേജ് പ്രൊഫസറിലൂടെയാണ് കഥ മുന്നോട്ടു പോവുന്നത്. രസം കൊല്ലിയായ ചർച്ച ആദ്യം സംഘത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും പിന്നീട് അവർ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരുന്നു. ആത്മഹത്യാപ്രവണത ചില വ്യക്തികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല എന്നും, മറിച്ച് ഒരു ദേശത്തെ മുഴുവൻ ബാധിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ കൂടിയാണ് എന്നും അവർ ഞെട്ടലോടെയാണ് കേൾക്കുന്നത്. കഥാന്ത്യത്തിലെ' ട്വിസ്റ്റ് വായനക്കാരനെ ഇരുത്തി ചിന്തിപ്പിക്കാൻ പോന്നതാണ്. സ്വയം തിരിച്ചറിയാൻ കഴിയാത്ത ചില  'രാസ അസന്തുലിതാവസ്ഥ’  അന്തരീക്ഷത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പു കൂടി നൽകാൻ കഥാകൃത്ത് ശ്രമിക്കുന്നുണ്ട്. ഭാവിയിൽ ഏറെ സംവാദങ്ങൾക്ക് വഴി ഒരുക്കുന്നതിനുള്ള സാധ്യത തുറന്നു തരുന്ന സാമൂഹികപ്രസക്തിയുള്ള ഒരു കഥകൂടിയാണ് 'സൂയിസൈഡ് മാനിയ'
'കുതിരയുടെ രൂപകം' എന്ന കഥ, ദാമ്പത്യബന്ധത്തിൽ പ്രണയമെന്ന കാണാചരടുകളുടെ  അന്വേഷണമാണ്. കുതിര എന്ന രൂപകത്തിന് വെട്ടിപ്പിടിക്കലുകളുടേയും മനുഷ്യാസക്തിയുടേയും പ്രതീകമായുള്ള പരമ്പരാഗത അടയാളപ്പെടുത്തലുകളെ പൊളിച്ചെഴുതി, അതിലും പ്രസക്തമായ നിർവചനം - എത്ര പിടിച്ചകറ്റിയാലും പൂർവ്വാധികം ശക്തിയോടെ അധരബന്ധം സ്ഥാപിക്കാൻ കുതറിയോടുന്ന പ്രണയ വീറിന്‍റെ പ്രതീകം - കഥാകൃത്ത് നൽകുന്നുണ്ട്. തകരാൻ തുടങ്ങുന്ന തന്‍റെ ദാമ്പത്യത്തെ പൂർവ്വാധികം ശക്തിയോടെ ചേർത്തു പിടിക്കുന്ന സൈറ എന്ന കഥാപാത്രത്തിലൂടെ ഈ ആധുനിക യുഗത്തിലും വൈവാഹിക ബന്ധത്തിന്‍റെ പരിപാവനത ചോർന്നു പോയിട്ടില്ല , പോവുകയുമില്ല എന്ന ഒരു വലിയ സന്ദേശം കൂടി ഈ കഥ നൽകുന്നു.
സമൂഹത്തിന്‍റെ  മുഖ്യധാരയിൽ നിന്ന് നിഷ്കാസിതരാക്കപ്പെട്ട ഒരു ജനവിഭാഗത്തിന്‍റെ ആത്മരോദനമാണ് 'ഗോത്രവൈരം'. ആദിമഗോത്ര സംസ്കൃതിയുടെ പ്രതിനിധിയായ ആളൻ ചാത്തൻ നിലനിൽപിനായി നടത്തുന്ന പൊരുതലുകളുടെ കഥ കൂടിയാണ് ഇത്. കാട്ടിലും നാട്ടിലും ഒരു പോലെ അവൻ വേട്ടയാടപ്പെടുന്നു. ചെറുത്തു നിൽപ്പുകൾ ഉണ്ടാവുന്നുണ്ടെങ്കിലും അന്തിമവിജയം അവനു മേൽ ശത്രുക്കൾ തന്നെ നേടുന്നു. ആദിമ ജനതയുടെ ജീവിതത്തിലുടനീളം മുഴച്ചു നിൽക്കുന്ന ദൈന്യത, നൊമ്പരം വായനക്കാരിലേക്കു കൂടി വ്യാപിപ്പിക്കാൻ കഥാകാരന്‍റെ കൃത്രിമത്വം ഒട്ടുമില്ലാത്ത ഭാഷാശൈലിക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രിയപ്പെട്ടവരുടെ നഷ്ടം സൃഷ്ടിക്കുന്ന ശൂന്യത നികത്താനാവാത്തതാണ്. നഷ്ടപ്പെടുന്നത് അമ്മയാണങ്കിലോ? തളളപ്പക്ഷിയൊഴിഞ്ഞ കൂട്ടിൽ നിസ്സഹായരായി, കൊക്കുകൾ വിടർത്തി നിലവിളിക്കുന്ന കുഞ്ഞിക്കിളികൾ ഏതൊരു കഠിനമനസ്സിനേയും അലിയിപ്പിക്കുന്നതാണ്.  അത്തരമൊരു നൊമ്പരക്കാഴ്ചയാണ് 'സ്നേഹത്തിന്‍റെ മുഖങ്ങൾ' നൽകുന്നത്.
'നിങ്ങളെ പഠിപ്പിക്കാത്ത ചരിത്രഭാഗങ്ങൾ' ഒരു പട്ടാളക്കാരന്‍റെ വീരസ്യം പറച്ചിൽ എന്നതിലുപരിയായി ചരിത്രത്തിന്‍റെ കാണാപ്പുറങ്ങളിലേക്കുള്ള ഒരു യാത്രകൂടിയാണ്.  ബ്രിട്ടീഷിന്ത്യയിൽ ഇന്ത്യക്കാരായ പട്ടാളക്കാർ കടന്നുപോയിട്ടുള്ള ദുരിതപർവ്വം സ്വാതന്ത്ര്യാനന്തരവും അവസാനിക്കുന്നില്ല. ചരിത്രപുസ്തകത്തിന്‍റെ താളുകളിൽ ഇടംപിടിച്ചിട്ടില്ലാത്ത സോണാൽ ദ്വീപും, രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട ചില  പിന്നാമ്പുറക്കഥകളും ഈ രചനയെ ഏറെ ആസ്വാദ്യകരമാക്കുന്നു.  ജീവിതത്തിന്‍റെ നശ്വരതയെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്  'കോട്ട'.  മനുഷ്യർ ഓരോരുത്തരും അവരവർക്കു ചുറ്റും കൽകോട്ടകൾ പണിഞ്ഞ് അതിൽ നിന്ന് സ്വയം പുറത്തു വരാൻ കഴിയാതെ  കറങ്ങുന്നു.. അതിലെ വ്യർത്ഥത തിരിച്ചറിഞ്ഞ് പുറത്തു വരേണ്ടത് അവന്‍റെ  മുന്നോട്ടുള്ള യാത്രയ്ക്ക് അത്യാവശ്യമാണ്.  കാലം അവനെ കോട്ടയാൽ സംരക്ഷിക്കുന്നില്ല, മനുഷ്യന്‍റെ ചെറിയ ജീവിതത്തിനുമേൽ വലിയ കോട്ടകൾ കൊണ്ട് ഒരു കാര്യവുമില്ല- എന്ന് ചന്ദ്രേട്ടൻ(കഥാകൃത്ത്) പറയുന്നിടത്താണ് ഈ കഥയുടെ ദാര്‍ശനികപ്രസക്തി..
പെണ്ണ് അടക്കി ഭരിക്കാനും, മണ്ണ് വെട്ടിപ്പിടിക്കാനുമുള്ളതിനാണ് എന്ന പുരുഷധാർഷ്ഠ്യത്തിനുമേൽ ഏൽപ്പിക്കുന്ന കനത്ത ആഘാതമാണ് 'നീരാഴം'. എന്ന കഥ. മാതൃത്വം, പ്രണയം എന്നീ ഉദാത്ത വികാരങ്ങൾക്കു മാത്രമേ ഭൂമിയിലും സ്ത്രീയിലും നീരാഴങ്ങൾ സൃഷ്ടിക്കാൻ കഴിയുകയുള്ളൂ, എന്ന തിരിച്ചറിവിൽ നിന്നാണ് കഥാനായകന്‍ കാസിമിന്‍റെ തോട്ടത്തിൽ പ്രതീക്ഷയുടെ തളിരുകൾ വിടരുന്നത്.  ഈ കഥാ കൂട്ടത്തിലെ എന്‍റെ പ്രിയപ്പെട്ട കഥ കൂടിയാണ് 'നീരാഴം’
നിർവ്വചനങ്ങൾക്കതീതവും, ആപേക്ഷികമായ അളവുകോൽ ആവശ്യമില്ലാത്തതുമായ ചില ബന്ധങ്ങൾ ഭൂമിയിലുണ്ടെന്ന സാക്ഷ്യപ്പെടുത്തലാണ് പട്ടമ്മാളുടെ വീട്’ എന്ന കഥ. പട്ടമ്മാൾ എന്ന തമിഴ്നാട്ടുകാരിയായ മധ്യവയസ്കയും തന്‍റെ ബാപ്പയും തമ്മിലുള്ള ബന്ധത്തിന് എന്തു പേരിടണം എന്നെറിയാതെ ഉഴലുന്ന സലീമിന് കൃത്യമായ ഒരു ഉത്തരത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്നില്ല.. ആദർശവാനായ ബാപ്പയെ ഒരു സംശയത്തിന്‍റെ നിഴലിൽ നിർത്താൻ പോലും ബാപ്പയോടുളള സ്നേഹം അയാളെ അനുവദിക്കുന്നില്ല. എന്നു മാത്രമല്ല, അന്ത്യദിനങ്ങളിൽ ബാപ്പ പട്ടമ്മാളിനു നൽകാനായി ഏൽപ്പിച്ച പൊതി തുറന്നു പോലും നോക്കാതെ അവരെ ഏൽപ്പിക്കുന്ന സലീം ഉത്തമനായ ഒരു മകന്‍റെ റോൾ ഭംഗിയായി നിർവ്വഹിക്കുന്നു.  പട്ടമ്മാൾ തന്‍റെ ബാപ്പയ്ക്ക് ആരായിരുന്നു?  എന്ന ചോദ്യം സലീം ഉപേക്ഷിക്കുന്നുണ്ടെങ്കിലും, കഥ മുഴുവൻ വായിച്ചു തീരുമ്പോൾ വായനക്കാരുടെ ഉള്ളിൽ ഈ ചോദ്യം ഒരു നെരിപ്പോടുപോലെ പുകയുന്നുണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല...
വ്യത്യസ്തമായ പ്രമേയങ്ങൾ, ആത്മാവിനെ തൊട്ടറിയുന്ന,. കൃത്രിമത്വം തീരെ ഇല്ലാത്ത രചനാ രീതി, മനുഷ്യമനോനിലയുടെ വ്യത്യസ്ത തലങ്ങളെ വളരെ ഭംഗിയായി സന്നിവേശിപ്പിക്കാനുള്ള കഴിവ്,. തഴക്കത്തോടും ഒതുക്കത്തോടും കൈകാര്യം ചെയ്തിരിക്കുന്ന ഭാഷ, എല്ലാം കൂടി ഈ പുസ്തകത്തെ നല്ലൊരു വായാനാവിഭവമാക്കി മാറ്റുന്നു. അതുകൊണ്ടുതന്നെ ഈ കഥാ സമാഹാരം വായനക്കാരുടെ  പ്രിയപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിൽ ഇടം പിടിയ്ക്കുക തന്നെ ചെയ്യും എന്ന് ഒരു എളിയ വായനക്കാരി എന്ന നിലയിൽ ഞാന്‍ പ്രതീക്ഷിക്കുന്നു.

Monday, January 11, 2016

ഒരു ഗ്രാമം ആത്മഹത്യയെ പ്രണയിക്കുന്നു. 

‘സ്യുയിസൈഡ് മാനിയ’ എന്ന പേരില്‍ ഒരു കഥയെഴുതിയിട്ടുണ്ട്‌ ഞാന്‍. ആത്മഹത്യയെ പ്രണയിക്കുന്ന ഒരു ഗ്രാമത്തെക്കുറിച്ചും അവിടെ നിരന്തരമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വയംഹത്യാ പ്രവണതകള്‍ക്ക് പിന്നിലുള്ള ചോദനകളെ ആ ദേശത്തിന്‍റെ ഭൌമശാസ്ത്രപരമായ പ്രത്യേകതകളുമായി കൂട്ടിച്ചേര്‍ത്തുവായിക്കാന്‍ ശ്രമിക്കുന്ന ഒരു സാമൂഹ്യശാസ്ത്രജ്ഞന്‍റെ നിരീക്ഷണങ്ങളെക്കുറിച്ചുമാണ് ആ കഥ. ആത്മഹത്യ പ്രമേയമായി വരുന്ന കഥകള്‍ മലയാളത്തില്‍ വേറെ ധാരാളമുള്ളത് കൊണ്ട് അല്‍പം വ്യത്യസ്തതയ്ക്കുവേണ്ടി അത്തരത്തിലൊരു സമീപനം സ്വീകരിച്ചു എന്നേയുള്ളൂ. അതിനെക്കാളുപരിയായി പ്രിയ സുഹൃത്ത് കുട്ടന്‍ വൈദ്യരുടെ മരണം എന്നിലുണ്ടാക്കിയ ആഘാതത്തെ രേഖപ്പെടുത്തിവെക്കുക എന്നതായിരുന്നു ആ കഥയുടെ ലക്ഷ്യം.
ഇരുപതിലധികം വര്‍ഷങ്ങളായി ഞാന്‍ മലപ്പുറം ജില്ലയിലെ പന്തല്ലൂരിലുള്ള ഒരു പ്രൈമറി സ്കൂളില്‍ അധ്യാപകനാണ്. സ്കൂളിലെത്തിയ ആദ്യകാലത്ത് തന്നെ സുഹൃത്ത് വലയത്തില്‍ എത്തിച്ചേര്‍ന്ന പലരില്‍ ഒരാളായിരുന്നു കുട്ടന്‍ വൈദ്യര്‍. അങ്ങാടിയില്‍ ഒരു കൊത്തുമരുന്നു കടയുമായി കൂടിയിരുന്ന മൂപ്പരുടെ കൂടെയായിരുന്നു സ്കൂള്‍ സമയം കഴിഞ്ഞുള്ള എന്‍റെ വൈകുന്നേര വെടിവട്ടം. ആള്‍ ബഹുരസികനായിരുന്നു. ആകാശത്തിനു കീഴിലുള്ള സകലകാര്യങ്ങളും ഞങ്ങള്‍ സംസാരിക്കുമെങ്കിലും പെണ്‍വിഷയങ്ങളിലായിരുന്നു മൂപ്പര്‍ക്ക് കൂടുതല്‍ താല്പര്യം. നല്ലൊരു ശ്രോതാവായി ഞാന്‍ ഇരുന്നുകൊടുക്കും. ഞാനാദ്യം കാണുമ്പോള്‍ ഏതാണ്ട് നാല്പതിനടുത്തു പ്രായമുണ്ടാവും. വെളുത്തുസുന്ദരനായിരുന്നു. ലേശം കുടവയറുണ്ട്. കഷണ്ടി അധിനിവേശം നടത്തിയ തലയിലേക്ക് ഇടതു ചെവിയുടെ ഭാഗത്ത് നീട്ടി വളര്‍ത്തിയ ചുരുണ്ട മുടി ചീകി പതിച്ചു വെക്കും. മുഖത്ത് എപ്പോഴും നല്ല പ്രസാദമാണ്. മരുന്നുവാങ്ങാന്‍ വരുന്ന രോഗികളോടൊക്കെ കുശലം പറഞ്ഞുകൊണ്ടാണ് ഇടപെടലുകള്‍.
വലിയ നാടകക്കമ്പക്കാരനായിരുന്നു വൈദ്യര്‍. അഭിനയവാസന രക്തത്തിലലിഞ്ഞുചേര്‍ന്നയാള്‍ എന്ന് പറയാം. നാടകാഭിനയം തൊഴിലാക്കി നടന്ന ഒരു യൌവനകാലം അയാള്‍ക്കുണ്ടായിരുന്നു. ഇന്ന് സിനിമയിലും മറ്റുമുള്ള ചില മധ്യവയസ്കരായ നടീനടന്മാരെ പേരെടുത്തുപറഞ്ഞുകൊണ്ട് അവരുമൊത്ത് താന്‍ അഭിനയിച്ച സന്ദര്‍ഭങ്ങള്‍ വൈദ്യര്‍ വിശദീകരിച്ചുപറയാറുണ്ട്. “അവരൊക്കെ ഇപ്പോള്‍ നല്ലനിലയിലായി. ഞാനോ ഈ കൊത്തുമരുന്നു പെട്ടിക്കരികിലിരുന്നു ഇങ്ങനെ വേരുമുളയ്ക്കാന്‍ വിധിക്കപ്പെട്ടവനുമായി” എന്ന് പറഞ്ഞു ചിരിക്കും. പിന്നെ ഒരു നെടുവീര്‍പ്പിന്‍റെ അകമ്പടിയോടെ ഇത്രയും കൂടി പറയും. “ങാ...ഈ ജന്മം ഇനി ഇങ്ങനെയങ്ങു പോട്ടെ. ഇനി അടുത്ത ജന്മത്തില്‍ നോക്കാം”
എന്നോട് ഒരു നാടകമെഴുതണമെന്ന് നിര്‍ബന്ധിക്കാറുണ്ടായിരുന്നു വൈദ്യര്‍. അയാള്‍ക്കതില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കണമെന്നും പറയും. സ്കൂള്‍ വാര്‍ഷികം വന്നപ്പോള്‍ നിര്‍ബന്ധത്തിന് ശക്തി കൂടി. ഞാന്‍ നാടകമൊന്നും എഴുതിയില്ലെങ്കിലും വാര്‍ഷികത്തിന് ഞങ്ങള്‍ ഒന്നിച്ചൊരു നാടകം അഭിനയിക്കുകയുണ്ടായി. നാടകത്തിന്‍റെ റിഹെഴ്സല്‍ കാലം ഒരിക്കലും മറക്കാന്‍ വയ്യ. വൈദ്യരെ ഏറ്റവും അടുത്തറിഞ്ഞത് അക്കാലത്തായിരിക്കണം. തമാശപൊട്ടിച്ചും പൊട്ടിച്ചിരിച്ചും അയാള്‍ എപ്പോഴും റിഹേഴ്സലിന്‍റെ വിരസതയെ മായ്ച്ചുകളഞ്ഞുകൊണ്ടിരുന്നു.   വാര്‍ഷികദിനത്തില്‍ നാട്ടുമ്പുറത്തെ വലിയൊരു സദസ്സിനുമുമ്പില്‍  സി എല്‍ ജോസിന്‍റെ ‘സൂര്യാഘാതം’ എന്ന രണ്ടര മണിക്കൂര്‍ നേരം നീണ്ടുനില്‍ക്കുന്ന ആ നാടകം ഞങ്ങള്‍ ഗംഭീരമായി അഭിനയിച്ചു. നാടകത്തില്‍ നായികയുടെ മനസികരോഗിയായ ഭര്‍ത്താവിന്‍റെ റോള്‍ ആയിരുന്നു വൈദ്യര്‍ക്ക്‌. എനിക്ക് ഉപനായകന്‍റെ വേഷവും.
‘സൂര്യാഘാത’മായിരിക്കണം കുട്ടന്‍ വൈദ്യര്‍ അഭിനയിച്ച അവസാനത്തെ നാടകം. പിന്നീടുള്ള കാലം ജീവിതനാടകത്തില്‍ എവിടെയോ അയാള്‍ക്ക്‌ ചുവടു പിഴച്ചു. കൊത്തുമരുന്നു കട ഉപേക്ഷിച്ച് വേറെന്തോ തൊഴിലിനു പോയി. ചില രാത്രികളില്‍  ഏറെ വൈകിയ നേരം തിരക്കുള്ള ബസ്സില്‍ തൂങ്ങിപ്പിടിച്ച്‌ വരുന്ന വൈദ്യരെ ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ അയാള്‍  മദ്യപിച്ചിട്ടുണ്ടാവും. ഞാനത് അറിയുമെന്ന് കരുതിയിട്ടാവും ഞാന്‍ ബസ്സില്‍ തൊട്ടടുത്തുണ്ടെങ്കിലും എന്നെ കണ്ട ഭാവം നടിക്കില്ല, എന്തെങ്കിലും ചോദിച്ചാല്‍ വാ തുറക്കാത്ത ഒരു പുഞ്ചിരി മറുപടിയായി തരും. അയാള്‍ എന്തില്‍ നിന്നൊക്കെയോ ഒളിച്ചുപോവുകയാണ് എന്ന് ഞാനന്ന് അറിഞ്ഞിരുന്നില്ല. അവസരങ്ങളുണ്ടായിരുന്നെങ്കില്‍ കലാരംഗത്ത് ഒരുപാട് ഉയര്‍ന്നുപോകാന്‍ കഴിയുമായിരുന്ന ഒരു പ്രതിഭയായിരുന്നു അയാളെന്നു എനിക്ക് പലപ്പോഴായി തോന്നിയിട്ടുണ്ട്. അതിനു സാധിക്കാഞ്ഞതിന്‍റെ ഒരു നൈരാശ്യം അയാളെ പിന്തുടര്‍ന്നിരുന്നു എന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അവസാനം ആ നിരാശ തന്നെയാണോ ഒരു മുഴം കയറിന്‍റെ സാന്ത്വനത്തിലേക്ക് അയാളെ പ്രലോഭിപ്പിച്ചടുപ്പിച്ചത്?
വൈദ്യരുടെ മരണദിനത്തില്‍ അയാളുടെ വീട്ടുമുറ്റത്ത് കൂടിയ ആളുകള്‍ക്കിടയില്‍ ഖിന്നനായി ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നപോലെ നില്‍ക്കുമ്പോഴാണ് പന്തല്ലൂരിലെ ആത്മഹത്യകളുടെ കാരണങ്ങളിലേക്ക് എന്‍റെ മനസ്സ് പതിയെ കടന്നു ചെല്ലുന്നത്. അന്നേരം മനസ്സിലേക്ക് ഓരോരോ മരണങ്ങള്‍ പതിയെ കടന്നുവന്നു അലോസരപ്പെടുത്തിത്തുടങ്ങി. അങ്ങനെ ആലോചിച്ചു തുടങ്ങിയപ്പോള്‍ ആ മരണങ്ങളുടെ അംഗസംഖ്യ എത്രമാത്രം കൂടുതലാണ് എന്ന കാര്യം എന്നെ അമ്പരപ്പിച്ചു. എന്‍റെ ക്ലാസ്സില്‍ പഠിച്ചിരുന്ന ഷൌക്കത്ത് എന്ന വിദ്യാര്‍ഥിയുടെ ഉമ്മ സ്വയം തീ കൊളുത്തി മരിച്ചത്, മധു എന്ന ചെറുപ്പക്കാരന്‍ വിഷം കഴിച്ചു മരിച്ചത്, ഗോപാലന്‍ കുന്നുമ്പുറത്തെ മരത്തിന്‍റെ ഉച്ചിയില്‍ തൂങ്ങിയത്, ശാന്തി ടീച്ചറുടെ ഭര്‍ത്താവ് സ്വന്തം വീട്ടില്‍ ഒരു കയറില്‍ ജീവിതം ഹോമിച്ചത്....
ദൈവമേ...എന്താണ് ഈ ദേശത്തിന് പറ്റിയത്?
എന്തുകൊണ്ട് ഇവിടെ ഇത്രയധികമാളുകള്‍ സ്വന്തം ജീവിതത്തിനു മേല്‍ വിരാമ ചിഹ്നം വരയ്ക്കുന്നു?
അന്നു രാത്രി ഞാന്‍ വളരെ കുറച്ചേ ഉറങ്ങിയുള്ളൂ. എന്തോ അരുതായ്ക ഗ്രാമത്തിനു മേല്‍ മൂടിക്കെട്ടി നില്‍പ്പുണ്ടെന്നൊരു തോന്നല്‍ എനിക്കുണ്ടായി. ആത്മഹത്യകള്‍ കൂടുതലുള്ള ദേശം എന്ന നിലയ്ക്ക് പന്തല്ലൂരിനു ഭൌമശാസ്ത്രപരമായ ഒരു സ്പെല്ലിംഗ് മിസ്റ്റൈക്ക് ഉണ്ടോ എന്ന ആശങ്ക എന്നെ ഭരിച്ചുകൊണ്ടിരുന്നു. അങ്ങനെ ചിന്തിക്കാന്‍ ഒരു കാരണവുമുണ്ടായിരുന്നു. ഒരിക്കല്‍ ഇന്റര്‍നെറ്റില്‍ ഒരു സൈറ്റ് പരിശോധിച്ചപ്പോള്‍, കഠിനമായ ഡിപ്രഷന്‍ ആണ് ആത്മഹത്യാവാസനയുടെ പ്രധാന ഹേതു എന്നും രക്തത്തില്‍ സെരോട്ടോണിന്‍  എന്ന രാസവസ്തുവിന്റെ അളവ് കുറയുന്നത് മനുഷ്യമസ്തിഷ്കത്തില്‍ ഉണ്ടാക്കുന്ന ‘കെമിക്കല്‍ ഇംബാലന്‍സ്’ ഡിപ്രഷന് കാരണമാവുമെന്നും വായിച്ചിരുന്നു. ഭൌമശാസ്ത്രപരമായ ചില പ്രത്യേകതകള്‍ മനുഷ്യമനസ്സിലെ സെരോട്ടോണിന്‍റെ അളവിനെ സ്വാധീനിക്കും എന്ന കാര്യം കൂടി ആ ലേഖനം പങ്കുവെക്കുന്നുണ്ട്. ‘സ്യുയിസൈഡ് മാനിയ’ എന്ന കഥയിലേക്ക്‌ വഴി തെളിഞ്ഞത് ഈ വസ്തുതകളിലൂടെയാണ്. അന്ന് രാത്രി തന്നെ ഞാനാ കഥ എഴുതിത്തീര്‍ത്തു.
ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ആ കഥ പ്രസിദ്ധീകരിച്ചു വരാന്‍ പിന്നെയും ആറു മാസമെടുത്തു. അതിന്നിടയ്ക്കു പിന്നെയും ആത്മഹത്യകള്‍ നടന്നു. മരണവീട്ടിലൊന്നും ഞാന്‍ സന്ദര്‍ശകനായി ചെന്നില്ലെങ്കിലും ഓരോ മരണവും മറ്റാരിലും ഉണ്ടാക്കാത്ത വടുക്കള്‍ എന്നിലുണ്ടാക്കുന്നത് ഞാനറിഞ്ഞുകൊണ്ടിരുന്നു. മാസങ്ങളും വര്‍ഷങ്ങളും പോകെ, ആത്മഹത്യകളുടെ നൈരന്തര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഈ ഗ്രാമം ഇപ്പോഴും എന്നെ അസ്വസ്ഥപ്പെടുത്തുകയാണ്. ഇതാ ഇപ്പോള്‍, ഇതെഴുതിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ പോലും ഒരു ദുര്‍മരണം തീര്‍ത്ത മ്ലാനതയുടെ മൂടലുമായാണ് ഈ ഗ്രാമം ഉണര്‍ന്നിരിക്കുന്നത്. ഇരുപത്തഞ്ചു കൊല്ലം മുമ്പ് കണ്ണൂരില്‍ നിന്ന് ഞങ്ങളുടെ നാട്ടില്‍ വന്ന് പ്രാക്ടീസ് തുടങ്ങി സ്വന്തം വീടും ആശുപത്രിയും സ്ഥാപിച്ച് ഈ നാട്ടിലെ രോഗികളുടെ ആശ്രയമായി മാറിയ ഡോക്ടര്‍ ശശിധരന്‍ സ്വന്തം ക്ലിനിക്കില്‍ തൂങ്ങിമരിച്ചിരിക്കുന്നു!

ഞാന്‍ ഭാവന വെച്ചെഴുതിയ കഥയും അതിന്‍റെ അന്തര്‍ധാരയായ ഭൌമശാസ്ത്ര നിഗൂഡതകളും സത്യമായിത്തന്നെ തീരുകയാണോ എന്ന ഭീതിയാണ് ഇപ്പോള്‍ എന്നെ ഭരിച്ചുകൊണ്ടിരിക്കുന്നത്.