Tuesday, June 23, 2015

ആണ്‍ കുട്ടിക്കാലത്തെ മഴ

പെരുമഴക്കാലത്ത് പൂത്തുലഞ്ഞു നില്‍ക്കുന്ന തേക്കുമരങ്ങള്‍ ധാരാളമുണ്ടായിരുന്ന ഒരു പുരയിടത്തിനടുത്താണ് എന്‍റെ വീട്. ആ പുരയിടം ഞങ്ങളുടെ അയല്‍വാസികള്‍ ഒരു കാടുപോലെ സംരക്ഷിച്ചുപോന്നിരുന്നു. വീടിന്‍റെ തെക്കുഭാഗത്ത്‌ അയല്‍വീട്ടുകാരുടെ തേക്കിന്‍ കാട്ടിലേക്ക് തുറക്കുന്ന ഒരു കിളിവാതിലുണ്ടായിരുന്ന മുറിയായിരുന്നു എന്റേത്. ആ തേക്കുതോട്ടത്തില്‍ പെയ്യുന്ന മഴയാണ് എന്‍റെ ഏറ്റവും ഹൃദ്യമായ മഴക്കാഴ്ച്ചകളിലൊന്ന്. ജലത്തുള്ളികള്‍ വീഴുമ്പോള്‍ താഴോട്ടും മേലോട്ടും ഊയലാടുന്ന വലിയ ഇലകളുള്ള തേക്കുമരങ്ങള്‍. അവയ്ക്കു താഴെ അനേകം കരിയിലകളെ പുതച്ചുകിടക്കുന്ന നനഞ്ഞ മണ്ണ്. കുറ്റിച്ചെടികള്‍ക്കും വള്ളിച്ചെടികള്‍ക്കുമിടയില്‍ അപൂര്‍വ്വമായിക്കാണുന്ന ഒരു തെച്ചിപ്പൂങ്കുലയോ കാശാവിന്‍ പൂവോ മഴ നനഞ്ഞ സന്തോഷത്തില്‍ ചിരിച്ചു നില്‍ക്കുന്നതിന്‍റെ വര്‍ണക്കാഴ്ച.
ഏറെ പുരാതനമായ ഒരു തറവാടാണ് എന്‍റെ വീട്. പടിപ്പുരയും പത്തായപ്പുരയും തൊഴുത്തും വലിയ മുറ്റവും ഒക്കെയുള്ള ഒരു മാളിക വീട്. പത്തായപ്പുരയുടെ മുകളിലെ  മുറിയിലിരുന്നാല്‍ കിളിവാതിലിലൂടെ എനിക്ക് മുറ്റത്ത് വീഴുന്ന മഴ കാണാം. ഓട്ടിന്‍ പുറത്തുകൂടി അത് താഴേക്ക് ഒഴുകിയിറങ്ങുന്നത് കാണാം. ചായമക്കാനിയിലെ പാല്‍ചായയുടെ നിറത്തില്‍ മുറ്റത്തെ ഓവിനടുത്തേക്ക് മഴവെള്ളം ഒഴുകി നീങ്ങുന്നത്‌ കാണാം. മുറ്റത്തിനപ്പുറം മഴവീഴുമ്പോള്‍ തലയാട്ടുന്ന ചേമ്പിലകളെ കാണാം. മഴയില്‍ നനയാത്ത ചേമ്പിലകള്‍ കുട്ടിക്കാലത്തെ വലിയ കൌതുകങ്ങളിലൊന്നായിരുന്നു. ബാല്യത്തിലെ അത്തരം മഴക്കാഴ്ച്ചകള്‍ പ്രചോദിപ്പിച്ചയത്ര വളര്‍ന്നുവന്നപ്പോള്‍ മഴയെ പ്രണയിക്കാനായിട്ടില്ല എനിക്ക്. മഴയോട് ഒച്ചവെക്കുന്ന തവളകളും മഴ മാറിയ രാത്രിയില്‍ കേള്‍ക്കുന്ന ചീവീടുകളുടെ ഗാനമേളയും മഴകഴിഞ്ഞു പൊടിഞ്ഞുവരുന്ന മഴപ്പാറ്റകളുടെ ദുരന്തവും അന്നത്തെപ്പോലെ ഇന്ന് മനസ്സിനെ സ്പര്‍ശിക്കുന്നില്ല. വളരുമ്പോള്‍ നമുക്കങ്ങനെ പലതും നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ കുട്ടിക്കാലത്തെ മഴയാണ് എന്‍റെ മഴ.
വീടിനടുത്തായി ഒരു തോടുണ്ട്. നെന്മിനി മലയില്‍ നിന്നും ഉത്ഭവിക്കുന്ന ആ തോട് ഞങ്ങളുടെ ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയായിരുന്നു എന്ന് പറയാം. മലയില്‍ മഴ പെയ്താല്‍ തോട് നിറഞ്ഞു കവിയും. കലങ്ങിവരുന്ന കൊങ്ങന്‍വെള്ളം തോട് കവിഞ്ഞു കവുങ്ങിന്‍ തോപ്പിലേക്ക് അതിക്രമിച്ചു കയറും. കുത്തുവലയും ചൂണ്ടയുമായി ഞങ്ങള്‍ കുട്ടികളും വലിയവരും തോട്ടില്‍ മീന്‍ പിടിക്കാനിറങ്ങുന്നത് അക്കാലത്താണ്. കടലുണ്ടിപ്പുഴയില്‍ നിന്നു ചെറുതും വലുതുമായ മത്സ്യങ്ങള്‍ തോട്ടിലേക്ക് ഇരച്ചു കയറുന്ന കാലമാണ് അത്. മുഷി, കോട്ടി, കരുതല, വരാല്‍, ആരല്‍, മനഞ്ഞില്‍, ചെള്ളി, പൂയാന്‍, പരല്‍മീന്‍...അങ്ങനെ വിവിധയിനം മീനുകള്‍. പാടത്തുനിന്നും തോട്ടിലേക്ക് വെള്ളം വീഴുന്ന ‘അറ്റംകലായ’കളില്‍ രസകരമായ പരല്‍മീന്‍ ചാട്ടം കാണാം. അവിടെ തുണി കെട്ടിയും കുരുത്തിവെച്ചും ഞങ്ങള്‍ മീന്‍ പിടിക്കും. ബാക്കി സമയം മുഴുവന്‍ തോട്ടിലെ കലക്കവെള്ളത്തില്‍ നീന്തിത്തിമര്‍ക്കും.
പെരുമഴയത്ത് പാടവരമ്പിലൂടെ കുടചൂടി നടക്കുന്നത് അന്നുമിന്നും ഇഷ്ടമാണ് എനിക്ക്. വഴുക്കുന്ന വരമ്പില്‍ സൂക്ഷ്മതയോടെ നടക്കുമ്പോള്‍ തുറിച്ച കണ്ണുകളോടെയിരിക്കുന്ന പോക്കാന്‍ തവളകളെ കാണാം. അടുത്തെത്തുമ്പോള്‍ അവ വയലിലെ വെള്ളത്തിലേക്ക് ‘പ്ലും’ന്ന് ചാടും. മഴയുടെ ഇരമ്പലിനൊപ്പം അവയുടെ പേക്രോം കരച്ചിലും കൂടിച്ചേര്‍ന്ന്  രസകരമായ ഒരു സിംഫണി രൂപപ്പെടുന്നത് കേള്‍ക്കാം. വരമ്പുകളുടെ പള്ളയ്ക്കു വളര്‍ന്നു നില്‍ക്കുന്ന പുല്‍ക്കൂട്ടത്തില്‍ നിന്ന് പച്ചത്തുള്ളന്മാര്‍ (പച്ചപ്പയ്യ്‌ എന്നാണ് ഞങ്ങള്‍ പറയുക) നെല്‍ചെടികളിലേക്ക് വിമാനം പറത്തും. തവിട്ടു തുമ്പികള്‍ മഴയും കൊണ്ട് വയലിന് മീതെ തലങ്ങും വിലങ്ങും പാറിനടക്കും. പാടവരമ്പത്തൂടെ ഇതെല്ലാം കണ്ടു നടക്കുമ്പോള്‍ എനിക്ക് പാട്ടുവരും. മറ്റാരും കേള്‍ക്കാത്ത, എന്‍റെ കുടയുടെ ഇട്ടാവട്ടത്തില്‍ മാത്രം ഒതുങ്ങുന്ന ആ പാട്ടുകള്‍ മഴയുടെ സംഗീതവുമായി ചേര്‍ന്ന് അദൃശ്യതരംഗങ്ങളായി അന്തരീക്ഷത്തില്‍ ലയിച്ചു മായും.
പറങ്കിമാവിന്‍ തോട്ടത്തിലൂടെ മഴകൊണ്ട്‌ കശുവണ്ടി പെറുക്കി നടന്ന കുട്ടി, മുറ്റത്തൊഴുകുന്ന കലക്കവെള്ളത്തില്‍ ചിറകെട്ടി മീന്‍ കുഞ്ഞുങ്ങളെ വളര്‍ത്താനിടുന്ന മണ്ടന്‍ കുട്ടി, ഇടവപ്പാതിയിലെ ആകാശക്കോലാഹലങ്ങള്‍ കേട്ട് അറയിലെ പത്തായത്തിനു മുകളില്‍ വിറച്ചുകിടന്ന പേടിത്തൊണ്ടന്‍ കുട്ടി, ചോരുന്ന വീടിന്‍റെ വെള്ളം വീഴുന്നിടത്തൊക്കെ പാത്രങ്ങള്‍ നിരത്തുന്ന മിടുക്കന്‍ കുട്ടി, കനത്തുപെയ്ത മഴയില്‍ മുറ്റത്ത് നിറഞ്ഞ ചെളിവെള്ളത്തിലേക്ക് അനിയത്തിമാരെ തള്ളിയിട്ട് ഉമ്മയുടെ തല്ലുവാങ്ങുന്ന വികൃതിക്കുട്ടി, കൊങ്ങന്‍ വെള്ളത്തില്‍ ഒഴുകിപ്പോവുന്ന തേങ്ങയും വിറകും മറ്റും പിടിക്കാന്‍ ജീവന്‍ പണയം വെച്ച് കൈതപ്പൊന്തകള്‍ക്ക് മീതെക്കൂടി നീന്തിചെല്ലുന്ന ഉശിരന്‍ കുട്ടി... ആ കുട്ടികളെല്ലാം ഈ ഞാനായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഇന്ന് കൌതുകവും സന്തോഷവും തോന്നുന്നുണ്ട്. അത്രയൊന്നും നിരാശാഭരിതമായിരുന്നില്ല എന്‍റെ ബാല്യകാലം എന്ന തിരിച്ചരിവുണ്ടാകുന്നുണ്ട്.
മഴയും മഴക്കാലത്തെയും ഏറെ പ്രണയിച്ച കുട്ടിയായിരുന്നിട്ടും അക്കാലത്തെ ഒരു മഴദിവസം വല്ലാത്ത പേടിയായി ഇന്നും ഉള്ളിലുണ്ട്. ഞാനന്ന് അഞ്ചിലോ ആറിലോ പഠിക്കുകയാണ്. രണ്ടുമൂന്നു കിലോമീറ്റര്‍ ദൂരെയാണ് സ്കൂള്‍. മഴക്കാലമായിരുന്നെങ്കിലും രാവിലെ പോകുമ്പോള്‍ മഴയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കുടയുമെടുത്തില്ല. പക്ഷെ ഉച്ചയോടെ മഴ കനത്തു. തിരിമുറിയാത്ത തുള്ളിക്കൊരു കുടം പേമാരി. ഒപ്പം കനത്ത ഇടിയും മിന്നലും. വൈകുന്നേരം സ്കൂള്‍ വിട്ടപ്പോഴും അത് തന്നെ സ്ഥിതി. കുട സ്വന്തമായുണ്ടായിരുന്ന കൂട്ടുകാരൊക്കെ മഴത്തിറങ്ങിപ്പോയി. ചിലരെ രക്ഷിതാക്കള്‍ കുടയുമായി വന്നു കൊണ്ടുപോയി. കുടയില്ലാത്തതിനാലും കുടയുള്ള കൂട്ടുകാരാരും എന്‍റെ വഴിക്കില്ലാത്തതിനാലും ഞാന്‍ മാത്രം സ്കൂള്‍ വരാന്തയില്‍ ഒറ്റപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ മഴ ചെറുതായി ഒന്നമരുകയും ഞാന്‍ ഓടിച്ചെന്നു സ്കൂളിനടുത്തുള്ള ചെറിയ അങ്ങാടിയിലെ പീടികവരാന്ത വരെ എത്തുകയും ചെയ്തു.
പക്ഷെ, മഴ പിന്നെയും കനത്തു. ഏറെ നേരം അവിടെത്തന്നെ നില്‍ക്കേണ്ടി വന്നു. കുടചൂടി വന്ന പലരും പീടികവരാന്തയില്‍ വിഷണ്ണനായി നില്‍ക്കുന്ന എന്നെ കണ്ടു. ‘കുട കൊണ്ട് വന്നിട്ടില്ലേ?’ എന്ന് ചോദിച്ചു. സ്കൂളില്‍ വരുമ്പോള്‍ കുടകൊണ്ടുവരാത്ത മടിയെ ശാസിച്ചു. നേരം പിന്നെയും ഒരുപാട് വെറുതെ പോയി. അന്തരീക്ഷം വല്ലാതെ ഇരുട്ടുമൂടിയത് സമയത്തെ പെരുപ്പിച്ചുകാണിച്ചു. ഇനിയും നിന്നാല്‍ രാത്രിയാവുമെന്നും പിന്നെ എന്തുചെയ്യുമെന്നും ചിന്തിച്ച് ഞാന്‍ അങ്കലാപ്പിലായി. ചെവി തുളയ്ക്കുന്ന ഇടിയേയും കണ്ണ് മഞ്ഞളിക്കുന്ന മിന്നലിനെയും വകവെക്കാതെ ഞാന്‍ മഴയത്തേക്ക് ചാടിയിറങ്ങി ഓടാന്‍ തുടങ്ങി. പുസ്തകക്കെട്ടു കുപ്പായത്തിന്‍റെ ഉള്ളില്‍ തിരുകിക്കയറ്റി അതിനെ ഒരു കൈകൊണ്ടു നെഞ്ചത്തമര്‍ത്തിപ്പിടിച്ചു സര്‍വശക്തിയും സംഭരിച്ചുള്ള ഓട്ടം. ആകാശം എന്‍റെ മുഖത്തേക്ക് ചരല്‍ വാരിയെറിയുകയാണ്. ഷര്‍ട്ടും ട്രൌസറും മിനുട്ടുകള്‍ക്കുള്ളില്‍ നനഞ്ഞുപിണ്ടിയായി. പുസ്തകങ്ങളും തഥൈവ. ഇനി ഉമ്മയുടെ വക അടി വേറെ കിട്ടും. എന്നാലും പുസ്തകങ്ങള്‍ ഉമ്മ അടുപ്പിന്‍ കണ്ണിയില്‍ വെച്ച് ഉണക്കിത്തന്നോളും. പക്ഷെ ഫൌണ്ടന്‍ പേന കൊണ്ടെഴുതിയ അതിലെ അക്കങ്ങളും അക്ഷരങ്ങളും ഇനി മായാതെ ബാക്കിയുണ്ടാവുമോ ആവോ!
സര്‍വ്വശക്തിയും സംഭരിച്ച്, മഴയുടെ ഹുങ്കാരത്തെ വെല്ലുവിളിച്ച് ഞാന്‍ ഓടിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ഒരു കനത്ത ശബ്ദവും വെളിച്ചവുമുണ്ടായി. എന്‍റെ കാലുകള്‍ സ്പര്‍ശിച്ചു കൊണ്ടിരിക്കുന്ന ഭൂമി ഒരു കാളക്കൂറ്റനെപ്പോലെ ഒന്നു പിടഞ്ഞു. ഞാന്‍ കരണംകുത്തി മഴവെള്ളത്തിലേക്ക് മറിഞ്ഞുവീണു. കണ്ണുകളിലൂടെ പൊന്നീച്ച പറക്കുന്നു! കൈകാലുകള്‍ ഐസില്‍ കിടന്നു മരവിച്ചുപോയതു പോലെ തോന്നി. വെട്ടിയിട്ട വാഴപോലെ ചെളിവെള്ളത്തില്‍ കിടക്കുമ്പോള്‍ എന്താണ് സംഭവിച്ചത് എന്ന് മനസ്സ് പറഞ്ഞുതന്നു.
എനിക്ക് ഇടിമിന്നലേറ്റിരിക്കുന്നു!
ഞാന്‍ മരിക്കാന്‍ പോവുകയോ മരിച്ചു കഴിഞ്ഞിരിക്കുകയോ ആണ്!
അത്രയും മനസ്സിലോര്‍ത്തതും ‘എനിക്ക് ഇടി തട്ടിയേ...’ എന്ന് വലിയവായില്‍ കരഞ്ഞുകൊണ്ട്‌ തട്ടിപ്പിടഞ്ഞെണീറ്റ് ഞാന്‍ അടുത്തുകണ്ട ചായക്കടയിലോടിക്കയറി.  അവിടെയുണ്ടായിരുന്നവര്‍ക്കിടയിലേക്ക് തളര്‍ന്നു വീണു. കടയിലുണ്ടായിരുന്ന ആളുകള്‍ എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു പുറത്തുതട്ടിയും പിടിച്ചുകുലുക്കിയും കൈകാലുകള്‍ ഉഴിഞ്ഞുതന്നും പലതും പറഞ്ഞു സമാധാനിപ്പിച്ചും എന്‍റെ പേടി മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സാവധാനം ഞാന്‍ നോര്‍മലായി. മരിച്ചു കഴിഞ്ഞിട്ടില്ല എന്ന് എനിക്ക് ബോധ്യം വന്നു.
എന്തായിരുന്നു എനിക്ക് സംഭവിച്ചത്?
അവിടെ കൂടിയവരുടെ സംസാരത്തില്‍ നിന്നാണ് ചിത്രം തെളിഞ്ഞു വന്നത്. ഞാന്‍ വീണതിന്‍റെ വളരെ അടുത്ത സ്ഥലത്ത് നിലമിറങ്ങി ഇടിവെട്ടിയിട്ടുണ്ട്. പാറക്കൂട്ടങ്ങള്‍ ധാരാളമുള്ള സ്ഥലമായത് കൊണ്ട് ഇടിയുടെ ആഘാതത്തില്‍ ഭൂമി തരിച്ചതാണ് ഞാന്‍ വീഴാന്‍ കാരണം. എന്തായാലും ഭാഗ്യം കൊണ്ടാണ് ഇടിവീണ സ്ഥലത്ത് പെട്ടുപോകാതിരുന്നത് എന്നവര്‍ പറഞ്ഞു. ഭൂമി തരിച്ചതിന്‍റെ പ്രകമ്പനങ്ങള്‍ കടയിലുള്ളവരും അനുഭവിച്ചതാണ്‌. അതിലൊരാള്‍ തന്‍റെ വിരലിലെ രോമങ്ങള്‍ കരിഞ്ഞു എന്ന് പറഞ്ഞു സ്വന്തം കൈകള്‍ കാണിച്ചു തന്നത് ഓര്‍മയിലുണ്ട്.
ഇനിയൊരു രഹസ്യം പറയാം. ചൂടുവെള്ളത്തില്‍ വീണ പൂച്ചയ്ക്ക് പച്ചവെള്ളം കണ്ടാലും പേടിയാവും എന്ന് പറയാറില്ലേ? അതാണ്‌ ഇപ്പോഴും എന്‍റെ അവസ്ഥ. മഴയും മഴക്കാലവുമൊക്കെ എനിക്കിഷ്ടമാണ്. പക്ഷെ, ഇടിമിന്നല്‍ ഇപ്പോഴും എന്നില്‍ ഭയങ്കരമായ അസ്വസ്ഥതയുണ്ടാക്കുന്നു. അത് കേള്‍ക്കുമ്പോള്‍ ഞാനിപ്പോഴും പഴയ ആറാംക്ലാസ്സുകാരന്‍ കുട്ടിയാവും.