Thursday, May 19, 2011

വീട്ടിലേക്കുള്ള വഴികള്‍ ------- വിജയന്‍ കോടഞ്ചേരി


ശാസ്ത്രസാങ്കേതികതകളുടെ വളര്‍ച്ചയോടെ ലോകം അനുനിമിഷം ചെറുതായി വരികയാണ്. ഇതഃപര്യന്തമുള്ള ലോകജീവിതം ഇപ്പോള്‍ നിങ്ങളുടെ വിരല്‍ത്തുമ്പിലുണ്ട്. ദേശവും കാലവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പുതിയ എഴുത്തുകാര്‍ക്ക് വലിയ പ്രതിബന്ധമുണ്ടാക്കുന്നില്ല. അതുകൊണ്ടുതന്നെ അന്താരാഷ്ട്രമാനങ്ങളുള്ള ഒരു രചന നടത്താന്‍ മലയാളി എഴുത്തുകാരന് നിഷ്പ്രയാസം കഴിയുന്നു. ഇതുതന്നെയാണ് എഴുത്തിലെ പുതിയ ട്രെന്റ്. എന്നാല്‍ ഇതിനു മറ്റൊരു വശംകൂടിയുണ്ട്. ശാസ്ത്രസാങ്കേതികതയുടെ ഈ സുവര്‍ണകാലത്ത് ലോകം ചെറുതാകുന്നതുപോലെ തന്നെ പ്രധാനമാണ് അത് മുമ്പെന്നത്തതിനേക്കാളും വലുതായിക്കൊണ്ടിരിക്കുന്നു എന്നത്. ടോക്കിയോ നഗരത്തില്‍ എത്ര കെട്ടിടങ്ങളുണ്ട് എന്ന് അറിയാവുന്നവന് തന്റെ അയല്‍ക്കാരന്റെ പേരെന്ത് എന്നറിയില്ല. തന്റെ വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങള്‍ പലതും അവന് അപരിചിതമാണ്! അതെ, ശാസ്ത്രസാങ്കേതികത വളര്‍ന്നതോടുകൂടി അവന്റെ സമ്പര്‍ക്കങ്ങള്‍ കൂടുതലും യന്ത്രങ്ങളോടാണ്. അയല്‍ക്കാരന്റെ വീട് അകന്നുപോവുകയാണ്. അയല്‍ക്കാരന്‍ അകന്നുപോകുന്നതും അവന്‍ അപരിചിതനാകുന്നതും വിഹ്വലതയോടെ മലയാളി അറിയുന്നുമുണ്ട്. ബന്ധങ്ങള്‍ മുറിഞ്ഞുപോകുന്നതിന്റെ ആശങ്കകളെ അതിജീവിക്കാനായാണ് നഗരങ്ങളില്‍ റസിഡന്‍ഷ്യല്‍ അസോസിയേഷനും മറ്റും രൂപംകൊള്ളുന്നത്. ഗതകാലത്തിന്റെ സ്‌നേഹസൗഹൃദങ്ങളുടെ തണലിലേക്ക് തിരിച്ചുപോകാനുള്ള വെമ്പല്‍ ഏറ്റവും ശക്തമാവുന്നതും ഇത്തരം ജീവിതസന്ദര്‍ഭങ്ങളിലാണ്. ഇതിനോട് സമാനത പുലര്‍ത്തുന്നതാണ് റഹ്മാന്‍ കിടങ്ങയത്തിന്റെ 'ഇരുട്ട് എലിസബത്തിനോട് പറഞ്ഞത്' എന്ന കഥാസമാഹാരത്തില്‍ അനാവരണം ചെയ്യപ്പെടുന്ന ജീവിതസന്ദര്‍ഭങ്ങളും. മറവിയിലേക്കു പോകുന്ന നമ്മുടെ ജീവിതപരിസരങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് റഹ്മാന്‍ ചെയ്യുന്നത്. നഷ്ടപ്പെട്ടു പോയേക്കാവുന്ന വ്യക്തി, ദേശ-കാല സ്വത്വങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ മുന്നോട്ടുവെക്കുന്ന ഈ രചനകള്‍ വീടുവിട്ടുപോകുന്ന മലയാളി ഭാവുകത്വങ്ങളെ വീട്ടിലേക്കുള്ള വഴി ഓര്‍മ്മിപ്പിക്കുന്നു എന്നത് മാത്രമല്ല, പ്രാക്തനമായ ജീവിതപരിസരങ്ങളെ വര്‍ത്തമാനത്തിന്റെ ജീവിതദര്‍ശനങ്ങളുമായി സമന്വയിപ്പിക്കുകയും ചെയ്യുന്നു.

ഉപയുക്തമായ എന്തിനേയും അതിസമര്‍ത്ഥമായി മാര്‍ക്കറ്റ് ചെയ്യുക എന്നത് ഉപഭോക്തൃ കേന്ദ്രീകൃതമായ ഒരു സമൂഹത്തിന്റെ അടിസ്ഥാന ദര്‍ശനങ്ങളിലൊന്നാണ്. ദൈവത്തിന്റെ നാട്ടിലെത്തുന്ന സായിപ്പിന് ഭൂതകാലം വിറ്റ് കാശുണ്ടാക്കുന്ന മലയാളി ഈ ദര്‍ശനം നേരാംവണ്ണം മനസ്സിലാക്കുന്നവനാണ്! 'ഒടി'യില്‍ ഒടിയനെ തേടിയെത്തുന്ന രാഷ്ട്രീയക്കാരായ ക്വട്ടേഷന്‍ സംഘത്തിന്റെ ലക്ഷ്യവും ഇത്തരം സാധ്യതകളെ സമര്‍ത്ഥമായി വിനിയോഗിക്കുക എന്നതാണ്. തങ്ങളെപ്പോലുള്ളവര്‍ ഏര്‍പ്പെട്ടിരിക്കുന്ന, അപകടസാധ്യത ഏറെയുള്ള, തൊഴില്‍മേഖലകളില്‍ ഒടിവിദ്യ നല്‍കുന്ന അനന്തമായ സാധ്യതകളെ എന്തുകൊണ്ട് വിനിയോഗിച്ചുകൂടാ എന്നുള്ള ചിന്ത അവരെ ഭരിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിശ്വാസങ്ങളെയും അവിശ്വാസങ്ങളെയും സംബന്ധിച്ച പാര്‍ട്ടിയുടെ ദര്‍ശനങ്ങള്‍ ഇവര്‍ക്ക് തടസ്സമാകുന്നില്ല! അതുകൊണ്ടായിരിക്കാം 'നിങ്ങള്‍ക്ക് ചിരിവരുന്നത് അല്ലേ?' എന്ന സറ്റയര്‍ കലര്‍ന്ന ചോദ്യത്തോടെ കഥ മുഴുമിപ്പിക്കുന്നത്.

ദരിദ്രമായൊരു ചുറ്റുപാടില്‍ ജനിച്ചുവളര്‍ന്ന എലിസബത്ത് തന്റെ സൗന്ദര്യം മാത്രം കൈമുതലാക്കി ഒരു സമ്പന്നഗൃഹത്തില്‍ മരുമകളായി എത്തുന്നതും താന്‍പോരിമയും കുടിലതയും പ്രവര്‍ത്തിച്ച് അവിടെനിന്ന് ഇറങ്ങുന്നതും അനന്തരഫലമായി രണ്ടു കുടുംബങ്ങളിലും അനേകം ദുരന്തങ്ങള്‍ വന്നുപെടുന്നതുമാണ് 'ഇരുട്ട് എലിസബത്തിനോട് പറഞ്ഞത്' എന്ന കഥയുടെ പ്രതിപാദ്യം. ഏകാന്തതയില്‍ ഇരുട്ടിനോട് തന്റെ ഭാഗം ന്യായീകരിക്കുവാന്‍ ശ്രമിക്കുകയാണ് എലിസബത്ത്. എന്നാല്‍ എലിസബത്തിന്റെ ന്യായീകരണങ്ങളെ ഇരുള്‍ തന്റെ നിശിതമായ വാക്കുകളാല്‍ നിലംപരിശാക്കുന്നു. ഇവിടെ ഇരുട്ട് എന്നത് നമ്മുടെ പ്രവൃത്തികളിലെ ന്യായാന്യായങ്ങളെ വിശകലനം ചെയ്ത് ശരി തെറ്റുകളെ ചൂണ്ടിക്കാട്ടുന്ന നമ്മില്‍ തന്നെയുള്ള പ്രകാശമാനമായ ആത്മഭൂമികയാണ്. അതിനാല്‍ ഇരുട്ട് ഇവിടെ വിചാരത്തിന്റെയും എലിസബത്ത് വികാരത്തിന്റെയും പ്രതിനിധാനങ്ങളാണ്. ഇരുട്ട് വെളിച്ചത്തിന്റെ പ്രതിനിധി മാത്രമല്ല ഇവിടെ, ഏകാന്തത മനുഷ്യന് നല്‍കുന്ന സ്വയം ബോധ്യങ്ങളുടെ പ്രതീകം കൂടിയാണ്. സര്‍പ്പജന്മത്തിലെ പന്ത്രണ്ടുകാരനായ ബാലന്‍ പേക്കിനാവു കണ്ട് ഞെട്ടിയുണരുകയാണ്. പൊന്തക്കാട്ടിനുള്ളില്‍ വെച്ച് തന്നെ സ്‌ത്രൈണഭൂമികയിലേക്ക് ക്ഷണിച്ച ആച്ചൂട്ടി എന്ന പണിക്കാരിപെണ്ണിന്റെ കാമാസക്തമായ മുഖം കണ്ട ദിവസം രാത്രിയാണ് മോനു, സര്‍പ്പരൂപം പൂണ്ട ആച്ചൂട്ടി തന്നെ വിഴുങ്ങാന്‍ വരുന്നതായി സ്വപ്നം കാണുന്നത്. അറിയപ്പെടാത്ത ഒരു ശരീരഭൂഖണ്ഡത്തിനുള്ളിലെ അത്ഭുതങ്ങളെയും ആഹ്ലാദങ്ങളെയും അറിയാനുള്ള അടങ്ങാത്ത കൗതുകവും ഉള്‍ഭയവുമാണ് കൗമാര ലൈംഗികതയുടെ കാതല്‍. കൗമാരത്തിലേക്കു കടക്കുന്ന മോനുവില്‍ ലൈംഗികതയുടെ ഇളംമൊട്ടുകള്‍ വിരിയുന്നത് നാം അറിയുന്നുണ്ട്. പണിക്കാരനായ മൂസക്കോയ പെണ്ണുങ്ങളോട് വളിപ്പന്‍ തമാശകള്‍ പറയുകയും അവര്‍ അതുകേട്ട് കുലുങ്ങിച്ചിരിക്കുകയും ചെയ്യുമ്പോള്‍ മോനുവിലുണ്ടാകുന്ന അസ്വസ്ഥതയുടെ യഥാര്‍ത്ഥ കാരണം ലൈംഗികതയില്‍ പ്രതിയോഗിയായി വരുന്നവനോടുള്ള അസ്വസ്ഥത തന്നെയാണ്. കൂടാതെ ആച്ചൂട്ടിയുടെ കടഞ്ഞെടുത്തതുപോലുള്ള ശരീരത്തിന് അവരുടെ പ്രായമായ ഭര്‍ത്താവിന്റെ ശരീരത്തിന് ചേര്‍ച്ചക്കുറവ് തോന്നുന്നതും ക്ലാസിലെ മുതിര്‍ന്ന പയ്യന്‍ അയ്യപ്പുവിന്റെ അശ്ലീലകഥകളില്‍ കൗതുകം കണ്ടെത്തുന്നതും മൂസക്കോയ - ആച്ചൂട്ടി രതിക്രിയ കണ്ട് മൂക്കിനുതാഴെ വിയര്‍പ്പു പൊടിയുന്നതുമെല്ലാം മോനുവിലെ രതിവികാരങ്ങളുടെ പ്രതിസ്​പന്ദങ്ങളാണ്.

യാഥാര്‍ത്ഥ്യത്തിന്റെയും പ്രതീതിയുടെയും അസ്തിത്വം ബന്ധപ്പെട്ടു കിടക്കുന്നത് വ്യക്തിയുടെ മാനസികാവസ്ഥയുമായാണെന്ന് 'മാഗിയാന്റി' എന്ന ഫാന്റസി കഥയിലൂടെ റഹ്മാന്‍ പറയുന്നു. മാഗിയാന്റിയും ഡിക്രൂസങ്കിളും മരിച്ചതറിയാതെ, അവരെ കാണാനായി, അവിടെയെത്തിയ ഫ്രെഡിക്ക് അവിടെയുണ്ടായ അനുഭവങ്ങള്‍ യാഥാര്‍ത്ഥ്യമെങ്കില്‍ റീത്തയ്ക്ക് അത് ഫ്രെഡിയുടെ മനോവിഭ്രമങ്ങള്‍ മാത്രമാണ്! വായനക്കാരനില്‍ സ്ഥലജലവിഭ്രാന്തി സൃഷ്ടിക്കുന്ന ഈ കഥ മലയാളത്തിലെ മികച്ച ഫാന്റസി കഥകളിലൊന്നാണ് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായില്ല. ഭൂതകാലങ്ങളില്‍ സ്വയം നഷ്ടപ്പെടുന്നവരാണ് റഹ്മാന്റെ പല കഥാപാത്രങ്ങളും. 'വവ്വാലു'കളിലെ നായിക തന്റെ വിവാഹരാത്രിയില്‍ ഞെട്ടിയുണരുന്നത് താന്‍ ആദ്യമായി രജസ്വലയായ രാത്രിയില്‍ കണ്ട അതേസ്വപ്നം തന്നെ ആവര്‍ത്തിച്ചതുകൊണ്ടാണ്. രതിയുടെ ജുഗൂപ്‌സാവഹമായ പ്രതീകമായാണ് ഇവിടെ വവ്വാല്‍ പ്രത്യക്ഷപ്പെടുന്നത്. വാര്‍ദ്ധക്യത്തിന്റെ വിഷാദഭരിതമായ ഏകാന്തതയില്‍ യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ മിഴിവോടെ ഭൂതകാലം ഉയര്‍ന്നുവരുന്നതും വര്‍ത്തമാനകാലജീവിതമാവുന്നതും 'കാലന്‍പക്ഷിയുടെ രാത്രി'യിലെ കദിയുമ്മയിലൂടെ നാം അറിയുന്നു. കദിയുമ്മയുടെ ഈ ഓര്‍മ്മകളുടെ ലോകം തന്നെയാണ് 'വിസ്മയ ചിഹ്നങ്ങളി'ലെ സൗദാമിനി അമ്മയും പങ്കുവെക്കുന്നത്. വടിവൊത്ത സാമൂഹ്യജീവിതത്തിനുമപ്പുറത്ത്, ജൈവവാസനകളെ സഫലീകരിക്കുന്നതായ സങ്കല്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഇടകലര്‍ന്ന ഒരു അപരജീവിതം എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ തന്റെ 'സാമൂഹ്യജീവി' സങ്കല്‍പത്തിനെ ഹനിക്കുന്ന ഈ അപരജീവിത വഴികളെ ഏറ്റവും രഹസ്യമായി വെക്കാനാണ് ഓരോ വ്യക്തിയും പെടാപാടുപെടുന്നത്! 'ചുണങ്ങി'ലെ കുഞ്ഞനന്തന്‍ ചെയ്യുന്നതും മറ്റൊന്നല്ല. തന്റെ ജൈവവാസനകളെ ഏറ്റവും മികച്ച രീതിയില്‍ ഒളിപ്പിച്ചു വെക്കുന്നവരാണല്ലോ നമ്മുടെ കാലഘട്ടത്തിലെ മാതൃകാവ്യക്തികള്‍!

നമുക്ക് ഏറെ സുപരിചിതമായ ചുറ്റുപാടുകളാണ് റഹ്മാന്റെ കഥാഭൂമികയിലുള്ളതെങ്കിലും നാം ഏറെയൊന്നും പരിചയിച്ചിട്ടില്ലാത്ത മനോഭൂമികകളുടെ ആവിഷ്‌കാരം അവയെ വേറിട്ട വായനാനുഭവമാക്കുന്നു.


വീട്ടിലേക്കുള്ള വഴികള്‍

വിജയന്‍ കോടഞ്ചേരി

ഇരുട്ട് എലിസബത്തിനോട് പറഞ്ഞത് (കഥകള്‍)
റഹ്മാന്‍ കിടങ്ങയം
കൈരളി ബുക്‌സ്,കണ്ണൂര്‍
പേജ് : 96
വില : 75/-